പാക് ചാരപ്പണി: ഉഡുപ്പി കപ്പൽശാല തൊഴിലാളികൾ അറസ്റ്റിൽ
text_fieldsരോഹിത്, സാന്ദ്രി
മംഗളൂരു: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഉഡുപ്പിയിലെ കപ്പൽശാലയിലെ രണ്ട് ജീവനക്കാരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ തീരദേശ മേഖലയിൽ വൻ സുരക്ഷ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ദ്രി എന്നിവരാണ് പ്രതികൾ. സുഷമ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മാൽപെ യൂനിറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരാണ് ഇവർ. 18 മാസത്തിലേറെയായി ഇരുവരും കപ്പൽശാലക്കുള്ളിലെ തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്ത്യൻ നാവികസേനക്കും സ്വകാര്യ ക്ലയന്റുകൾക്കും വേണ്ടി നിർമിക്കുന്ന കപ്പലുകളുടെ വിശദാംശങ്ങൾ ഈ രേഖകളിൽ ഉൾപ്പെടുന്നു. പണം പ്രതിഫലത്തിനായി വാട്സ്ആപ് വഴി പാകിസ്താനിലെ ഹാൻഡ്‌ലർമാർക്ക് വിവരങ്ങൾ അയച്ചതായാണ് വിവരം. കൊച്ചിൻ ഷിപ്പ്‌യാർഡ് സി.ഇ.ഒ രേഖാമൂലം പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.
പ്രതികൾ ചോർത്തിയ വിവരങ്ങളുടെ സ്വഭാവം ദേശീയ സുരക്ഷയെയും പ്രവർത്തന രഹസ്യത്തെയും അപകടപ്പെടുത്താൻ സാധ്യതയുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും വലിയ ശൃംഖലയിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം മുന്നോട്ട് പോകുമ്പോൾ ദേശീയ സുരക്ഷ, രഹസ്യാന്വേഷണ ഏജൻസികൾ ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

