സൗജന്യ വൈദ്യുതിയുടെ പേരിൽ തർക്കം; ജീവനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: വൈദ്യുതി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ കൊപ്പലിൽ ഒരാൾ അറസ്റ്റിൽ. സർക്കാർ സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപിച്ചതിനാൽ വൈദ്യുതി ബിൽ അടക്കാനാവില്ലെന്ന് തർക്കിക്കുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്ത സംഭവത്തിലാണ് കൊപ്പൽ കുകനപ്പള്ളിയിൽ ഗൃഹനാഥനെ അറസ്റ്റ് ചെയ്തത്.
ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (ഗസ്കോം) ജീവനക്കാരനാണ് മർദനമേറ്റത്. കർണാടകയിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് ഗൃഹജ്യോതി.ഒരു വീട്ടിൽ 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയാണിത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന ആദ്യ മന്ത്രിസഭ യോഗത്തിൽതന്നെ പദ്ധതിക്ക് അനുമതി നൽകിയെങ്കിലും ഉത്തരവായി ഇറങ്ങിയിട്ടില്ല. മന്ത്രിസഭ വികസനത്തിന് ശേഷം നടക്കുന്ന അടുത്ത മന്ത്രിസഭ യോഗത്തിലാണ് ഉത്തരവ് പുറപ്പെടുവിക്കുകയെന്നാണ് സിദ്ധരാമയ്യ അറിയിച്ചത്. ഇതിനിടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ബി.ജെ.പി മുൻ എം.എൽ.എ കോട്ട ശ്രീനിവാസ പൂജാരിയടക്കം പ്രസ്താവന നടത്തിയിരുന്നു.