ജാതി സെൻസസ്; ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണയെ ആർച്ച് ബിഷപ് സ്വാഗതം ചെയ്തു
text_fieldsബംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ മാധ്യമങ്ങളോട് സംസാരിക്കുന്നു
ബംഗളൂരു: സംസ്ഥാനത്ത് ഈ മാസം 22ന് ആരംഭിച്ച സാമൂഹിക, വിദ്യാഭ്യാസ സർവേക്ക് (ജാതി സെൻസസ്) ബംഗളൂരു അതിരൂപതയും കർണാടകയിലുടനീളമുള്ള ബിഷപ്പുമാരും പാസ്റ്റർമാരും ക്രിസ്ത്യൻ സമൂഹ നേതാക്കളും പിന്തുണ അറിയിച്ചു. സർക്കാർ ക്ഷേമ പദ്ധതികളുടെ യഥാർഥ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിൽ സെൻസസ് നിർണായക പങ്കുവഹിക്കുമെന്ന് ക്രിസ്ത്യൻ സമൂഹത്തിനുവേണ്ടി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ വെള്ളിയാഴ്ച പറഞ്ഞു.
വിവിധ വിഭാഗങ്ങളുടെ ജാതിയടിസ്ഥാനത്തിലുള്ള ശരിയായ വർഗ്ഗീകരണം നീതിയുക്തവും യഥാർഥ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള നയം രൂപപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരും പിന്നാക്കം പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും അസമത്വം പരിഹരിക്കുന്നതിനും സർവേ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രസിദ്ധീകരിച്ച പട്ടികകളിൽ ക്രിസ്തുമതവുമായി ബന്ധപ്പെട്ട ചില ജാതികളെ ഒഴിവാക്കിയതിൽ ആർച്ച് ബിഷപ് ആശങ്ക പ്രകടിപ്പിച്ചു. സർവേയുടെ അന്തിമ വിശകലനത്തിൽ അത്തരം ഒഴിവാക്കലുകൾ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്തെങ്കിലും ഇല്ലാതാക്കലുകൾ ഉണ്ടെങ്കിൽ, ചരിത്രപരമായ സമൂഹങ്ങൾക്ക് അവരുടെ ശരിയായ അംഗീകാരം നിഷേധിക്കപ്പെടുകയും ക്ഷേമ പദ്ധതികൾ നേടുന്നതിൽ അനീതിക്ക് കാരണമാവുകയും ചെയ്യും. ഈ ഒഴിവാക്കലുകൾ ശ്രദ്ധിക്കുകയും എല്ലാ ക്രിസ്ത്യൻ സമൂഹങ്ങളുടെയും ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യണമെന്ന് സഭ സർക്കാറിനോട് അഭ്യർഥിക്കുന്നു -അദ്ദേഹം പറഞ്ഞു.
വിശ്വാസികൾക്ക് സഭ മാർഗനിർദേശം നൽകിയിട്ടുണ്ട്. അവർക്ക് സൗകര്യപ്രദമെന്ന് തോന്നുന്നിടത്തെല്ലാം അവരുടെ ജാതി സത്യസന്ധമായി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെൻസസ് ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കാനും ഒ.ടി.പി പരിശോധനക്കായി ആധാർ കാർഡുകൾ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിക്കാനും അംഗങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
സെൻസസ് സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനം നടത്താനും കുടുംബങ്ങളെ സഹായിക്കുന്നതിനായി യുവജന ഗ്രൂപ്പുകൾ, സാധാരണക്കാർ, വനിത അസോസിയേഷനുകൾ, ഇടവക സംഘടനകൾ എന്നിവയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ അണിനിരത്താനും ആർച്ച് ബിഷപ് എല്ലാ ഇടവകകളോടും പള്ളികളോടും നിർദേശിച്ചു. സമൂഹത്തിലെ ഒരു അംഗത്തെയും സർവേയിൽ നിന്ന് ഒഴിവാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ കടമയും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ഒരു ചുവടുവെപ്പും കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പദ്ധതികൾ എല്ലാ സമൂഹങ്ങളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ന്യായവും സമ്പൂർണവുമായ സെൻസസിനാവും-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

