ആരോഗ്യസേവനങ്ങൾക്കായി ‘ബുക്റ്റർ’ ആപ് ലോഗോ മന്ത്രി ഡോ. രാമലിംഗ റെഡ്ഡി പ്രകാശനം ചെയ്തു
text_fields‘ബുക്റ്ററി’ന്റെ ലോഗോ ബംഗളൂരുവിൽ ഗതാഗത മന്ത്രി
ഡോ. രാമലിംഗ റെഡ്ഡി പ്രകാശനം ചെയ്യുന്നു
ബാംഗളൂരു: ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ് ‘ബുക്റ്ററി’ന്റെ ലോഗോ ഗതാഗത മന്ത്രി ഡോ. രാമലിംഗ റെഡ്ഡി പ്രകാശനം ചെയ്തു. ടെക്ലൂം, സിബ്ലൂ ഡിജിറ്റൽ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ് വാട്സ്ആപ് അധിഷ്ഠിത പേഷ്യന്റ് എൻഗേജ്മെന്റ് ആൻഡ് അപ്പോയ്ൻമെന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ബുക്റ്റര്. ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ ആപ്പുകളുടെ കമ്പനിയായ മെറ്റ, 2024ലെ മികച്ച 10 ആപ്പുകളിൽ ഒന്നായി ബുക്റ്ററിനെ തെരഞ്ഞെടുത്തിരുന്നു. ആരോഗ്യ സംരക്ഷണത്തിന് എല്ലാവർക്കും ലഭ്യമായ നൂതനമായ പരിഹാരങ്ങൾ ആവശ്യമാണെന്ന് ലോഗോ പ്രകാശനം നിർവഹിച്ച മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനപ്രിയ ആപ്പായ വാട്സ്ആപ്പിലൂടെ ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും പോലെയുള്ള സ്ഥാപനങ്ങള്‍ നൽകുന്ന സേവനങ്ങള്‍ ബുക്ക് ചെയ്യാനും അടിയന്തര സാഹചര്യങ്ങളില്‍ ടെലി കണ്സൾട്ടേഷന് വേഗത്തിൽ ലഭ്യമാക്കാനും ആപ് സഹായകമാണെന്ന് ബുക്റ്റര് ആപ്പിന്റെ സ്ഥാപകൻ കോഴിക്കോട് മൂഴിക്കൽ സ്വദേശി സി.കെ. ഷമീർ പറഞ്ഞു. ഇത് രോഗികളും ആരോഗ്യ സേവനദാതാക്കളും തമ്മിലുള്ള ആശയവിനിമയം വളരെ എളുപ്പത്തിലും വേഗത്തിലുമാക്കും.
24 മണിക്കൂറും രോഗികളുമായി ബന്ധപ്പെടാൻ സഹായിക്കുക വഴി ആരോഗ്യപരിരക്ഷയിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങളില്‍ രണ്ടുമിനിറ്റിനുള്ളിൽ തന്നെ ഡോക്ടർമാരുമായി ബന്ധപ്പെടാൻ ബുക്റ്റർ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
എ.ഐ സഹായത്തോടെ രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ശരിയായ ഡോക്ടർമാരെ ശിപാർശ ചെയ്യാനും കണ്സള്ട്ടേഷന് റൂമുകളിലെ ദീര്‍ഘനേരം കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കാനും ഇതുവഴി സാധിക്കും. ഡോക്ടര്‍മാരുടെ സേവനങ്ങളിലെ സമയ മാറ്റങ്ങളും ബുക്റ്റര് അപ്പപ്പോള്‍തന്നെ രോഗികളെ അറിയിക്കുമെന്നതും സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

