ഐക്യരാഷ്ട്ര സഭ ചർച്ചയിൽ പങ്കാളിയായി എ.പി.ഡി സി.ഇ.ഒ അബ്ദുല്ല എ. റഹ്മാൻ
text_fieldsമംഗളൂരു: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന യു. എൻ സിവിൽ സൊസൈറ്റി സമ്മേളനത്തിൽ മംഗളൂരു ആസ്ഥാനമായ ആന്റി പൊല്യൂഷൻ ഡ്രൈവ് (എ.പി.ഡി) ഫൗണ്ടേഷൻ നിർദേശങ്ങൾ സമർപ്പിച്ചു. സ്ഥാപകനും സിഇഒയുമായ കാസർകോട് സ്വദേശി അബ്ദുല്ല എ റഹ്മാനാണ് ഫൗണ്ടേഷനെ പ്രതിനിധാനം ചെയ്തത്.
പത്തു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ‘ടൗൺ ഹാൾ’ എന്ന് പേരിട്ട സമ്മേളനത്തിൽ അംഗീകൃത സന്നദ്ധ സംഘടനകൾക്ക് ഐക്യരാഷ്ട്രസഭയെ നയിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികളുമായി ഇടപഴകാൻ അവസരം ലഭിച്ചു. ടൗൺ ഹാളിൽ വിവിധ രാജ്യങ്ങളിലെ മത്സരാർഥികളുമുണ്ടായിരുന്നു.
ടൗൺ ഹാളിൽ പങ്കെടുത്ത ഇന്ത്യയിൽ നിന്നുള്ള ചുരുക്കം ചില സംഘടനകളിൽ ഫൗണ്ടേഷനും ഉൾപ്പെട്ടു. അന്താരാഷ്ട്ര സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവ പരിഹരിക്കുന്നതിൽ സംഘടനകൾക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെക്കുറിച്ചും ചർച്ചകളിൽ സംസാരിക്കാൻ കഴിഞ്ഞതായി അബ്ദുല്ല എ റഹ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു.
2012-ൽ സ്ഥാപിതമായ എപിഡി ഫൗണ്ടേഷൻ, തീരദേശ കർണാടക, ബംഗളൂരു, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വായുവിന്റെ ഗുണനിലവാരം, ശുചിത്വം, മാലിന്യ സംസ്‌കരണം, സുസ്ഥിര ചലനം, പരിസ്ഥിതി അവബോധം എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

