സാമൂഹികവിരുദ്ധ പ്രവർത്തനം; 3,500 പേരെ ‘പിക്കപ്പ് സ്ക്വാഡ്’ പിടികൂടി
text_fieldsബംഗളൂരു: നഗരത്തിലെ റൗഡികളുടെയും സാമൂഹികവിരുദ്ധരുടെയും പ്രവർത്തനങ്ങൾ തടയുന്നതിനായി ബംഗളൂരു സിറ്റി പൊലീസ് 'പിക്കപ്പ് സ്ക്വാഡ്' എന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതി സമ്പൂര്‍ണ്ണ വിജയം. 110 ദിവസത്തിനിടയിൽ കർണാടക പൊലീസ് ആക്ട് പ്രകാരം 3,500-ലധികം ആളുകൾക്കെതിരെ ഓപ്പറേഷനിലൂടെ കേസെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ 144 റൗഡികളെയും മയക്കുമരുന്ന് കടത്തലിൽ പങ്കാളികളായ 28 പേരെയും പിടികൂടി.
വെട്ടുകത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ചതിന് ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ആംസ് ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു. വിസ കാലാവധി കഴിഞ്ഞ തങ്ങിയ നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ 14 വിദേശ പൗരന്മാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡിറ്റൻഷൻ സെന്‍ററിലേക്ക് മാറ്റുകയും ചെയ്തു. റൗഡികളും സാമൂഹികവിരുദ്ധരും രാത്രികാലങ്ങളിൽ ഒത്തുകൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് വ്യക്തമാക്കി. പൊലീസ് രേഖകൾ പ്രകാരം 2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ 78 റൗഡികൾക്കെതിരെ കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് ചുമത്തിയിട്ടുണ്ട്.
കൊലപാതകക്കേസുകളിലെ പ്രതിയായ 'ഹവാലി സീന' എന്നറിയപ്പെടുന്ന കുപ്രസിദ്ധ റൗഡി ശ്രീനിവാസ ഗൗഡയെ അടുത്തിടെ ഗുണ്ടാ നിയമപ്രകാരം തടങ്കലിൽ വെക്കുകയും ബല്ലാരി സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. 160 റൗഡികളെ നഗരത്തിൽ നിന്ന് നാടുകടത്തുകയും ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

