മൈസൂരുവിലുടനീളം ആന്റി റൗഡി സ്ക്വാഡുകളെ വിന്യസിച്ചു
text_fieldsസിറ്റി പൊലീസ് കമീഷണർ സീമ ലട്കറിന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്തസമ്മേളനത്തിൽനിന്ന്
ബംഗളൂരു: കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്ഥിരം കുറ്റവാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുമായി കൃഷ്ണരാജ, ദേവരാജ, നരസിംഹരാജ, വിജയനഗർ എന്നീ നാല് പൊലീസ് സബ് ഡിവിഷനുകളിലും നഗരപരിധിയിലുള്ള 18 പൊലീസ് സ്റ്റേഷനുകളിലും സിറ്റി പൊലീസ് ആന്റി റൗഡി സ്ക്വാഡുകൾ രൂപവത്കരിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡയറക്ടർ ജനറലും ഇൻസ്പെക്ടർ ജനറലും പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വാര്‍ത്തസമ്മേളനത്തിൽ സിറ്റി പൊലീസ് കമീഷണർ സീമ ലട്കർ പറഞ്ഞു. റൗഡി ഷീറ്റർമാരുടെ പ്രവർത്തനങ്ങൾ സ്ക്വാഡുകൾ നിരീക്ഷിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
സബ്-ഡിവിഷൻ, പൊലീസ് സ്റ്റേഷൻ തലങ്ങളിലുള്ള ഓരോ സ്ക്വാഡിനെയും പൊലീസ് സബ്-ഇൻസ്പെക്ടർ (പി.എസ്.ഐ) നയിക്കും. ഓരോ സ്ക്വാഡിലും കുറഞ്ഞത് നാല് പേർ ഉണ്ടായിരിക്കും. നിശ്ചിത പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള റൗഡി-ഷീറ്റർമാരുടെ എണ്ണത്തെ ആശ്രയിച്ച് ഓരോ സ്ക്വാഡിലെയും ഉദ്യോഗസ്ഥരുടെ എണ്ണം വ്യത്യസ്ഥമായിരിക്കും.
സൂക്ഷ്മ നിരീക്ഷണത്തിനും സമയബന്ധിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും പൊലീസ് റൗഡിഷീറ്റർമാരുടെ ഡിജിറ്റൽ വിരലടയാളങ്ങൾ ശേഖരിക്കുകയും അവരുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുകയും ചെയ്യുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് സ്റ്റേഷൻ, സബ്-ഡിവിഷൻ തലങ്ങളിൽ രൂപീകരിച്ച സ്ക്വാഡുകൾക്ക് പുറമേ നഗരതലത്തിൽ ഒരു ആന്റ-റൗഡി സ്ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ കീഴിലായിരിക്കും സ്ക്വാഡ് പ്രവർത്തിക്കുക. കൂടാതെ സിറ്റി ക്രൈം ബ്രാഞ്ച് മേല്‍നോട്ടം നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

