ഹിന്ദുത്വ വിരുദ്ധർ അപകീർത്തിപ്പെടുത്തുന്നു- ബി.ജെ.പി എം.എൽ.എ വേദവ്യാസ് കാമത്ത്
text_fieldsമംഗളൂരു: നേത്രാവതി നദിയുടെ തീരത്ത് നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ടി അന്വേഷണവുമായി ബന്ധപ്പെട്ട് ധർമസ്ഥലയെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുകയാണെന്ന് മംഗളൂരു സൗത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ വേദവ്യാസ് കാമത്ത് ആരോപിച്ചു. തികച്ചും അപലപനീയമായ ഇതിനെതിരെ കർണാടക സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരക്കഥകൾക്ക് പിന്നിൽ ഇരിക്കുന്ന ആളുകൾ അന്വേഷണം എങ്ങനെ മുന്നോട്ട് പോകണമെന്ന് നിർദേശിക്കാൻ ശ്രമിക്കുകയാണ്. ഈ പുണ്യസ്ഥലത്തിന്റെ പവിത്രതയെ വ്രണപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുകയും നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. അത്തരം പെരുമാറ്റം തടയാൻ സംസ്ഥാന സർക്കാർ വേഗത്തിൽ പ്രവർത്തിക്കണം. ക്ഷേത്ര പുനരുദ്ധാരണം, തടാക പുനരുജ്ജീവനം, ഹിന്ദു ശ്മശാനങ്ങളുടെ നവീകരണം, സ്ത്രീ ശാക്തീകരണം, ലഹരിവിരുദ്ധ പ്രചാരണങ്ങൾ, മറ്റു നിരവധി സാമൂഹിക സംരംഭങ്ങൾ എന്നിവയിലൂടെ ധർമസ്ഥല രാജ്യത്തിനാകെ മാതൃകയാണെന്ന് കാമത്ത് ഊന്നിപ്പറഞ്ഞു.
വ്യത്യസ്ത വിശ്വാസങ്ങളുടെ നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് അദ്ദേഹം ആരാഞ്ഞു. രാമസേതു, തിരുപ്പതി, കാശി, ശബരിമല, ഇഷ ഫൗണ്ടേഷൻ, അനന്തപത്മനാഭ ക്ഷേത്രം തുടങ്ങിയ ഹിന്ദു മത കേന്ദ്രങ്ങളെ ഹിന്ദു വിരുദ്ധ ശക്തികൾ മുമ്പ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇപ്പോൾ അവരുടെ ലക്ഷ്യം ധർമസ്ഥലയാണെന്ന് കാമത്ത് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

