സമത്വ വിരുദ്ധർ ജാതി സർവേയെ എതിർക്കുന്നു -സിദ്ധരാമയ്യ
text_fieldsബംഗളൂരു: സമത്വ സമൂഹ വിരുദ്ധർ ജാതി സെൻസസ് എന്നറിയപ്പെടുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സർവേയെ എതിർക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയുമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ലിംഗായത്ത് സമുദായത്തിന്റെ പ്രത്യേക മതപദവി ആവശ്യവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി കൊപ്പാലിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞു. സാമൂഹികവും വിദ്യാഭ്യാസപരവുമായ സർവേ നടത്തിയില്ലെങ്കിൽ വ്യക്തികളുടെ തൊഴിൽ, വിദ്യാഭ്യാസ, സാമ്പത്തിക സ്ഥിതി എന്നിവ എങ്ങനെ അറിയാൻ കഴിയും? സമൂഹത്തിൽ ഒരാളുടെ അവസ്ഥ എന്താണ്? അതറിയാൻ ഡേറ്റ ആവശ്യമാണ്. ആരെയും അടിച്ചമർത്തുന്ന പ്രശ്നമില്ല. സമത്വ സമൂഹസൃഷ്ടിയെ എതിർക്കുന്നവരാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നത് -ഉയർന്ന വിഭാഗങ്ങളെ അടിച്ചമർത്തുക എന്നതാണ് സർവേ ലക്ഷ്യമെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു. സര്‍വേയില്‍ പങ്കെടുക്കില്ലെന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ സെന്‍സസ് സമയത്ത് ജാതി കണക്കെടുപ്പിനെയും എതിര്‍ക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രത്യേക മത പദവി വേണമെന്ന ലിംഗായത്ത് സമുദായത്തിന്റെ ആവശ്യത്തെക്കുറിച്ച് തനിക്ക് ഒരു നിലപാടുമില്ല. ജനങ്ങളുടെ നിലപാടാണ് തന്റെ നിലപാട്. ആവശ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചില സ്വാമിജിമാർ അത് ആവശ്യപ്പെടുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

