‘അന്തിത്തോറ്റം’ നാടകം ബംഗളൂരുവിൽ അരങ്ങേറും
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസിന്റെ (ഫെയ്മ) 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളി കലാനിലയത്തിന്റെ അന്തിത്തോറ്റം നാടകം ബംഗളൂരുവിൽ പ്രദർശനത്തിനെത്തുന്നു. ബംഗളൂരു വൈറ്റ് ഫീൽഡിലെ ജാഗ്രതി തിയറ്ററിൽ സെപ്റ്റംബർ 20ന് വൈകീട്ട് 7.30ന് നാടകം അരങ്ങേറും.
ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 13ന് സൂര്യയുടെ ഗണേശത്തിൽ അവതരിപ്പിക്കുന്ന നാടകം രണ്ടാമത്തെ ഷോ ആയി ബംഗളൂരുവിലെത്തുമെന്ന് ഫെയ്മ കർണാടക സംസ്ഥാന പ്രസിഡൻറ് റജി കുമാർ സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ അനിൽ കുമാർ എന്നിവർ അറിയിച്ചു. 1956ൽ രൂപം കൊണ്ട സിംഗപ്പൂർ കൈരളി കലാനിലയം എന്ന മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2023ലെ വാർഷിക നാടക മേളയായ ‘ഇനാക്ടി’ൽ നിറഞ്ഞ സദസ്സിന് മുന്നിലാണ് ‘അന്തിത്തോറ്റം’ ആദ്യാവതരണം നടത്തിയത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസിപ്പട്ടാളക്കാരാൽ വധിക്കപ്പെട്ട ഏക ഇന്ത്യൻ പൗരനും മലയാളിയുമായ മുച്ചിലോട്ടു മാധവന്റെ കഥയാണ് അന്തിത്തോറ്റം പറയുന്നത്. മാധവനെ പാരിസിൽ വെച്ച് ജർമൻ അധിനിവേശ സേന വെടിവെച്ചു കൊല്ലുന്നതിനു മുമ്പുള്ള ഏതാനും മണിക്കൂറുകൾ നീളുന്ന അയാളുടെ ആത്മസംഘർഷങ്ങളിലൂടെയാണ് അന്തിത്തോറ്റത്തിന്റെ പ്രയാണം.
മലയാളം മുഖ്യ ഭാഷയായും ഒപ്പം ഫ്രഞ്ച്, ജർമൻ ഭാഷകളുടെ സന്നിവേശവും ഒത്തുചേരുന്ന അന്തിത്തോറ്റത്തിന്റെ രചന നടത്തിയിരിക്കുന്നത് ബംഗളൂരു നിവാസിയായ അനിൽ രോഹിത്തും സംവിധാനം ചെയ്തിരിക്കുന്നത് സിംഗപ്പൂർ നിവാസിയായ ശ്രീകാന്ത് മേനോനുമാണ്. വേദിയിലും അണിയറയിലും അണിനിരക്കുന്നവർ സിംഗപ്പൂരിലെ സ്ഥിര താമസക്കാരായ മലയാളി കലാകാരന്മാരും കലാകാരികളുമാണ് എന്ന പ്രത്യേകതയുമുണ്ട്.
സെപ്റ്റംബർ 13ന് തിരുവനന്തപുരത്ത് ശ്രീ സൂര്യ കൃഷ്ണ മൂർത്തിയുടെ ശ്രീഗണേശം എന്ന ബ്ലാക്ക് ബോക്സ് തിയറ്ററിൽ അരങ്ങേറുന്ന നാടകം, തുടർന്നുള്ള വാരാന്ത്യത്തിൽ ബംഗളൂരുവിലെ ജാഗ്രതി തിയറ്ററിൽ സെപ്റ്റംബർ 20നും, ചെന്നൈയിലെ മേടൈ തിയറ്ററിൽ സെപ്റ്റംബർ 21നും അരങ്ങേറും. ബംഗളൂരുവിൽ ഫെയ്മ കർണാടകയും ചെന്നൈയിൽ ദക്ഷിണ എന്ന കലാസാസ്കാരിക കൂട്ടായ്മയുമാണ് അന്തിത്തോറ്റം അരങ്ങിൽ എത്തിക്കുന്നത്. മാധവന്റെ ഓർമദിവസമാണ് സെപ്റ്റംബർ 21 എന്ന പ്രത്യേകതയുമുണ്ട്. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 87926 87607
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

