മലിനജലം കുടിച്ച് ഒരു മരണം കൂടി; 20 കുട്ടികളടക്കം 94 പേർ ആശുപത്രിയിൽ
text_fieldsആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ
ബംഗളൂരു: മാലിന്യം കലർന്ന വെള്ളം കുടിച്ച് യാദ്ഗിർ ജില്ലയിൽ മൂന്നുപേർ മരിച്ചതിനുപിന്നാലെ ബെളഗാവിയിലും മരണം. ബെളഗാവി രാംദുർഗ മുധനൂരിലാണ് സംഭവം. 70 കാരനായ ശിവപ്പയാണ് മരിച്ചത്. 20 കുട്ടികളടക്കം 94 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ വിതരണം ചെയ്യുന്ന കുടിവെള്ളം ഉപയോഗിച്ചവർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് സംസ്ഥാന ജലവിഭവ മന്ത്രി ഗോവിന്ദ് കർജോൽ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഗ്രാമവാസികൾ ഒഴിവാക്കണമെന്നും ഗ്രാമത്തിലെ പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ച ജലം ഉപയോഗിക്കണമെന്നും മന്ത്രി അറിയിച്ചു.
യാദ്ഗിർ ഷാഹ്പുർ ഹൊട്ടപതിൽ ഒക്ടോബർ 22ന് ഇരമ്മ ഹിരേമത് (90), 23ന് ഹൊന്നപ്പ ഗൗഡ (45), 24ന് സിദ്ധമ്മ ഹിരേമത് (80) എന്നിവർ മലിനജലം കുടിച്ച് മരണപ്പെട്ടിരുന്നു. മൂവരും ഛർദിയും വയറിളക്കവും വർധിച്ചാണ് മരിച്ചത്.
10 കുട്ടികളടക്കം 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, സംഭവം മറയ്ക്കാൻ ശ്രമിച്ച ആരോഗ്യവകുപ്പ് അധികൃതർ, ഇവർ മലിനജലം കുടിച്ചല്ല മരണപ്പെട്ടതെന്ന് വാദിച്ചിരുന്നു. എല്ലാ വീടുകളിലും മാലിന്യം കലർന്ന വെള്ളമാണ് ലഭിച്ചതെന്നും മരണത്തിന് ഇതാണ് കാരണമെന്നും ഗ്രാമവാസികൾ പ്രതികരിച്ചു. ഇതിനുപിന്നാലെയാണ് ബെളഗാവിയിലെ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

