മംഗളൂരു ജില്ല ജയിലിൽ വീണ്ടും ആക്രമണം; കാമറകൾ തകർത്തു
text_fieldsമംഗളൂരു: ജില്ല ജയിലില്‍ വിചാരണത്തടവുകാര്‍ തമ്മിൽ വീണ്ടും ഏറ്റുമുട്ടല്‍. തിങ്കളാഴ്ച സുഹാസ് ഷെട്ടി വധക്കേസ് പ്രതിക്കെതിരെ പൊലീസ് സാന്നിധ്യത്തിൽ ആക്രമണം നടന്നിരുന്നു. രണ്ടാം ആക്രമണത്തിൽ തടവുകാർക്ക് പരിക്കേല്‍ക്കുകയും ജയിലിൽ ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തു.
ഉച്ച 2.15ന് പാചക മുറിയില്‍ ഭക്ഷണം തയാറാക്കുകയായിരുന്ന സഹ വിചാരണത്തടവുകാരെ ബാരക്ക് ‘എ’യിലെ ചില വിചാരണത്തടവുകാര്‍ ആക്രമിച്ചതായി സിറ്റി പൊലീസ് വാത്തക്കുറിപ്പില് പറഞ്ഞു. പിന്നാലെ ബാരക്ക് ‘ബി’ തടവുകാർ ഒച്ചവെക്കുകയും അവരുടെ ബാരക്കിന്റെ ഇരുമ്പ് വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ ബാരക്കിനുള്ളിൽ സ്ഥാപിച്ചിരുന്ന 10 സി.സി.ടി.വി കാമറകൾ അവർ നശിപ്പിച്ചു, കാമറകളുടെ വയറുകൾ പുറത്തെടുത്തു.
ബാരക്ക് ‘ബി’യിലെ മൊബൈൽ ജാമറിന്റെ ആന്റിനയും തടവുകാർ നശിപ്പിച്ചു. പരിക്കേറ്റ തടവുകാരെ മംഗളൂരു ഗവ. വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ തടവുകാരുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. സംഭവത്തിൽ ബാർക്കെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച ഗുണ്ടാ തലവനും തീവ്ര ഹിന്ദുത്വ പ്രവർത്തകനുമായ സുഹാസ് ഷെട്ടി കൊലപാതകക്കേസിലെ പ്രതികളിൽ ഒരാൾക്കെതിരെ മംഗളൂരു ജയിലിൽ ആക്രമണം നടന്നിരുന്നു.
ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദിനെ (39) ഉന്നമിട്ട് നടത്തിയ ആക്രമണം പൊലീസ് സാന്നിധ്യം കാരണം പാളി. ഈ കേസിലെ പ്രതികൾക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് മംഗളൂരു ജയിലിൽ നിന്ന് വിവിധ ജയിലുകളിലേക്ക് മാറ്റുന്ന പ്രക്രിയയിലാണ് അധികൃതർ.
എന്നാൽ, തിങ്കളാഴ്ച വൈകീട്ടോടെ ചോട്ടെ നൗഷാദിന്റെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനാൽ കോടതിയിൽ ഹാജരാക്കുന്നതിനായി മംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നു. കോടതി നടപടിക്രമങ്ങൾക്ക് ശേഷം മൈസൂരു ജയിലിലേക്ക് മാറ്റാൻ പൊലീസ് ഒരുങ്ങുകയായിരുന്നു.ഈ മാറ്റ പ്രക്രിയക്കിടെയാണ് മംഗളൂരു ജയിലിനുള്ളിൽ മറ്റൊരു തടവുകാരനെ കാണാൻ നൗഷാദ് അഭ്യർഥിച്ചത്.
കൂടിക്കാഴ്ചക്കായി കൊണ്ടുപോകുന്നതിനിടെ ജയിലിനുള്ളിൽ അജ്ഞാതരായ ആളുകൾ നൗഷാദിന് നേരെ കല്ലുകളും മറ്റു വസ്തുക്കളും എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ആക്രമണശ്രമമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.
സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മുൻകരുതൽ നടപടിയായി എല്ലാവരെയും പ്രത്യേക ജയിലുകളിലേക്ക് മാറ്റി. അന്വേഷണം തുടരുകയാണ്, മംഗളൂരു ജയിലിൽ കൂടുതൽ സുരക്ഷ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

