ആംനെസ്റ്റി അക്കൗണ്ട് മരവിപ്പിക്കൽ; ഇ.ഡി നോട്ടീസ് കർണാടക ഹൈകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് കർണാടക ഹൈകോടതി റദ്ദാക്കി. 2018 ഒക്ടോബർ 26നാണ് വിദേശ വിനിമയ ചട്ടം (ഫെമ), വരുമാന നികുതി നിയമം എന്നിവ പ്രകാരം അക്കൗണ്ട് മരവിപ്പിക്കാൻ നോട്ടീസ് നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യയും ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷനൽ ട്രസ്റ്റുമാണ് കോടതിയെ സമീപിച്ചത്.
നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്. ഫെമ നിയമത്തിന്റെ 37ാം വകുപ്പ്, വരുമാന നികുതി നിയമത്തിന്റെ 132ാം വകുപ്പ് എന്നിവ പ്രകാരമാണ് നോട്ടീസെന്നും ഇതിന് 60 ദിവസത്തെ കാലാവധിയേ ഉള്ളൂവെന്നും അഭിഭാഷകൻ വാദിച്ചു. ഗ്രീൻപീസ് ഇന്ത്യ സൊസൈറ്റിക്കെതിരായ സമാനമായ മറ്റൊരു കേസിൽ 2019 ഫെബ്രുവരിയിൽ കർണാടക ഹൈകോടതിതന്നെ പുറപ്പെടുവിച്ച ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് നോട്ടീസ് റദ്ദാക്കിയത്.
ഇ.ഡി അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിലാണ് ആംനെസ്റ്റി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവർക്കെതിരായ സർക്കാറിന്റെ നിരന്തര നടപടികളുടെ ഭാഗമാണ് ഇതെന്നും തെളിവില്ലാതെയാണ് നടപടിയെന്നും വ്യാപക വിമർശനമുയർന്നിരുന്നു. ഡൽഹി കലാപം, ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 370 എടുത്തുമാറ്റൽ എന്നിവ സംബന്ധിച്ച് ആംനെസ്റ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
2018ൽ ആംനെസ്റ്റിയുടെ ബംഗളൂരു ഓഫിസിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടങ്ങള് ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു എന്നായിരുന്നു ആരോപണം. 2017ലും അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നുവെങ്കിലും കോടതിയിൽനിന്ന് ആംനെസ്റ്റി അനുകൂല ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

