അടിപ്പാതയില്‍ ആംബുലന്‍സ് കുടുങ്ങി; ചികിത്സ വൈകി യുവാവിന് അന്ത്യം
text_fieldsബംഗളൂരു: നഗരത്തില്‍ അശാസ്ത്രീയമായി നിർമിച്ച അടിപ്പാത യുവാവിന്റെ ജീവനെടുത്തു. ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവിനെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് യെലഹങ്ക ജുഡീഷ്യല്‍ ലേഔട്ടിലെ ഉയരം കുറഞ്ഞ അടിപ്പാതയില്‍ കുടുങ്ങി ചികിത്സ വൈകി മരിച്ചു.
സോഫ്റ്റ്‌വെയർ എൻജിനീയർ ജി.ആർ. ആനന്ദാണ് (33) മരിച്ചത്. കഴിഞ്ഞ രാത്രി 10.20 ഓടെ ജുഡീഷ്യൽ ലേഔട്ടിന് സമീപം മോട്ടോർ സൈക്കിൾ റോഡിൽനിന്ന് തെന്നിമാറി മാന്യത ടെക് പാർക്കിലെ സ്ഥാപനത്തിലെ ജീവനക്കാരനായ ആനന്ദിന് പരിക്കേറ്റു. നിയന്ത്രണംവിട്ട് ബെസ്കോം സ്ഥാപിച്ച റോഡരികിലെ റിങ് മെയിൻ യൂനിറ്റ് (ആർ.എം.യു) ബോക്സിൽ ഇടിച്ചുകയറിയാണ് അപകടത്തിൽപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ ആനന്ദ് അബോധാവസ്ഥയിലായി.
പിൻസീറ്റ് യാത്രക്കാരനായ ജീവൻ, വഴിയാത്രക്കാർ എന്നിവർ ഉടൻതന്നെ അടിയന്തര സേവനങ്ങളെ വിവരമറിയിക്കുകയും ആനന്ദിനെ ആംബുലൻസിലേക്ക് മാറ്റുകയുംചെയ്തു. എന്നാൽ, ആംബുലൻസിന്റെ മുകൾ ഭാഗം ജുഡീഷ്യൽ ലേഔട്ടിലെ മാജിക് ബോക്സിനടിയിൽ കുടുങ്ങി.
വാഹനം മോചിപ്പിക്കാൻ കഴിയാതെ വന്നതോടെ അതുവഴി കടന്നുപോയ കാർ നിർത്തി ആനന്ദിനെ യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി സ്വദേശിയും ആറ്റൂർ ലേഔട്ടിൽ താമസക്കാരനുമായ ആനന്ദ് രണ്ടു വർഷംമുമ്പ് വിവാഹിതനായിരുന്നു, അടുത്തിടെയാണ് പിതാവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

