ദാവണഗെരെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന് ആരോപണം; കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദ് പുറത്ത്
text_fieldsനസീർ അഹമ്മദ്
ബംഗളൂരു: ദക്ഷിണ ദാവണഗെരെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രവർത്തിച്ചുവെന്ന ആരോപണം നേരിടുന്ന തന്റെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കി. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ് (എം.എൽ.സി)87കാരനായ നസീർ അഹമ്മദ്. 2023 ജൂണിൽ സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം സർക്കാർ പിൻവലിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് സിദ്ധരാമയ്യ അഹമ്മദിനെ പുറത്താക്കിയതെന്നാണ് വിവരം. ദക്ഷിണ ദാവണഗെരെയിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചു എന്ന ആക്ഷേപം പാർട്ടിയിലെ മുതിർന്ന മുസ്‌ലിം നേതാക്കൾ ഉയർത്തിയതിനെത്തുടർന്ന് നേരത്തെ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ ജബ്ബാർ സ്ഥാനം രാജിവെച്ചിരുന്നു.
ന്യൂനപക്ഷ-ഭവന മന്ത്രി സമീർ അഹമ്മദ് ഖാനെതിരേയും ഇതേ ആരോപണം ഉണ്ടെങ്കിലും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ അനുമതിയോടെ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു അദ്ദേഹം. മുൻ മന്ത്രിയായ ഷാമനൂർ ശിവശങ്കരപ്പ എം.എൽ.എ അന്തരിച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ദക്ഷിണ ദാവണഗെരെ മണ്ഡലത്തിൽ ചെറുമകൻ സമർഥ് മല്ലികാർജ്ജുനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. സമർഥിന്റെ പിതാവ് എസ്.എസ്. മല്ലികാർജുൻ ദാവണഗെരെ ജില്ല ചുമതലയുള്ള മന്ത്രിയാണ്. സമർഥിന്റെ മാതാവ് പ്രഭ മല്ലികാർജുൻ ദാവൺഗരെ എം.പിയുമാണ്.
സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുന്ന രണ്ടാമനാണ് നസീർ അഹമ്മദ്. കഴിഞ്ഞ ജൂണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എം.എൽ.സി കെ. ഗോവിന്ദരാജിനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

