കൂട്ടക്കൊലപാതകം: മൃതദേഹങ്ങള്‍ എല്ലാം കണ്ടെടുത്തു
text_fieldsബംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന രണ്ട് മൃതദേഹങ്ങളും ഷിരാഡി ഘാട്ട് വനമേഖലയിൽനിന്ന് തിങ്കളാഴ്ച പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ഭാര്യ സഹോദരന് ശങ്കർ, ഭാര്യ നളിനി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തുവെന്ന് നോർത് ഡി.സി.പി. ബി.എസ്. നേമഗൗഡ പറഞ്ഞു. അറസ്റ്റിലായ പ്രതി ഇന്ദു ശേഖറിനെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ചോദ്യം ചെയ്തു വരികയാണ്.
നവംബര്‍ ആറിന് നന്ദി ഹില്‍സില്‍നിന്ന് പ്രതിയുടെ ഭാര്യസഹോദരന്റെ മകന് പൂനിതിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ശേഷം ഞായറാഴ്ച മൈസൂരിലെ ചാമുണ്ടി കുന്നുകളുടെ താഴ്വരയിൽനിന്ന് ഭാര്യ സഹോദരന് ശിവകുമാർ, ദിവ്യ എന്നീ ദമ്പതികളുടെ മൃതദേഹങ്ങളും ശനിയാഴ്ച ഭാര്യ സുനിതയുടെയും ഭാര്യാമാതാവ് രൂപവതിയുടെയും മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലത്തുള്ള ഒരു വനത്തിൽനിന്ന് കണ്ടെത്തിയിരുന്നു. കുടുംബ വഴക്കിന്റെ പേരില്‍ പ്രതി ഭാര്യയടക്കം ഏഴു കുടുംബംഗങ്ങളെ ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി ആട്ടുകല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹങ്ങൾ ചാക്കുകളിൽ പൊതിഞ്ഞ് നന്ദി ഹില്‍സ്, സേലം, ചാമുണ്ടി ഹില്‍സ്, ഷിരാഡി ഘട്ട് എന്നിവിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

