ചിട്ടിയിലെ 20 വർഷത്തെ വിശ്വാസം മുതലെടുത്ത് ടോമിയും ഷൈനിയും തട്ടിയത് 100 കോടി! കണ്ണീരോടെ നിക്ഷേപകർ
text_fieldsബംഗളൂരു: കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയിൽ ആലപ്പുഴ സ്വദേശികളായ ചിട്ടി കമ്പനി ഉടമകൾക്കെതിരെ കേസ്. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് കേസ്.
തട്ടിപ്പിനിരയായ 265 പേരാണു പൊലീസിനെ സമീപിച്ചത്. ആകെ 100 കോടിയിലധികം പണം തട്ടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഒന്നര കോടി രൂപ വരെ നിക്ഷേപിച്ചവർ തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പി.ടി.സാവിയോ എന്നയാൾ പരാതിയിൽ പറയുന്നു.
ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്. പണം പിരിച്ചത് കൂടുതലും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു.
ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും 20 വർഷമായി രാമമൂർത്തിനഗറിലാണു താമസം. ആദ്യം അഞ്ച് ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു ദമ്പതികൾ നടത്തിയിരുന്നത്. പിന്നീട് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിക്കുകയായിരുന്നു.
വ്യാഴാഴ്ച വരെ നിക്ഷേപകർക്ക് പലിശയിനത്തിൽ നൽകാനുള്ള പണം കൃത്യമായി നൽകിയിരുന്നു. അതിനാൽ ആർക്കും സംശയം തോന്നിയില്ല. കമ്പനിയിലെ മുതിർന്ന ജീവനക്കാർക്കുപോലും സംഗതിയെക്കുറിച്ച് ഒരു സൂചനയുമില്ലെന്നാണ് വിവരം.
വ്യാഴാഴ്ച മുതൽ ഇവരെ ഫോണിൽ കിട്ടാത്തതോടെ ഇടപാടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഫ്ലാറ്റ് അടക്കം വിറ്റാണ് ഇവർ മുങ്ങിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

