വ്യോമസേന ഉദ്യോഗസ്ഥനുനേരെ ആക്രമണമെന്ന് പരാതി; സംഭവം റോഡിലെ അടിപിടിയെന്ന് പൊലീസ്
text_fieldsബംഗളൂരു: തിങ്കളാഴ്ച ബംഗളൂരുവിൽ ഭാഷയുടെ പേരിൽ വ്യോമസേന ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തതെന്ന പരാതിയിൽ ട്വിസ്റ്റ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം റോഡിലെ അടിപിടി മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി. വ്യോമസേന ജീവനക്കാരൻ ഡെലിവറി ബോയിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ ഒരു ഭാഷാ വിവാദവുമില്ലെന്നും റോഡിലെ അടിപിടി കേസ് മാത്രമാണെന്നും പൊലീസ് അറിയിച്ചു.
വ്യോമസേന ഉദ്യോഗസ്ഥൻ രാവിലെ സമൂഹമാധ്യമത്തിൽ മുറിവേറ്റ മുഖവുമായി വിഡിയോ പോസ്റ്റ് ചെയ്തത് ദേശീയ തലത്തിൽ തന്നെ വാർത്തയായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ക്രമസമാധാന നില തകർന്നെന്ന മട്ടിൽ സംഘ്പരിവാർ കേന്ദ്രങ്ങൾ വിഷയം സമൂഹമാധ്യമങ്ങളിൽ കത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഇന്ത്യൻ വ്യോമസേന വിങ് കമാൻഡറായ ശിലാദിത്യ ബോസാണ് പരാതി ഉന്നയിച്ചത്. ഭാര്യയും സ്ക്വാഡ്രൺ ലീഡറുമായ മധുമിത ദത്തയോടൊപ്പം കാറിൽ സഞ്ചരിക്കവെ, ഓൾഡ് മദ്രാസ് റോഡിൽ ഗോപാലൻ മാളിന് സമീപത്തുവെച്ചായിരുന്നു സംഭവം. മധുമിത ദത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബൈയപ്പനഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ശിലാദിത്യ സംഭവം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. മുഖത്തെയും കഴുത്തിലെയും മുറിവുകളിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു വിവരണം.
‘‘ഡി.ആർ.ഡി.ഒ, സി.വി രാമൻ നഗർ ഫേസ് ഒന്നിൽ താമസിക്കുന്ന തങ്ങൾ തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ പിന്നിൽ നിന്നെത്തിയ ഒരു ബൈക്ക് യാത്രക്കാരൻ ഞങ്ങളുടെ കാർ തടഞ്ഞു. ബൈക്ക് ഓടിച്ചിരുന്നവരിൽ ഒരാൾ കന്നഡയിൽ എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. എന്റെ കാറിലെ ഡി.ആർ.ഡി.ഒ സ്റ്റിക്കർ ശ്രദ്ധയിൽപ്പെട്ടപ്പോൾ അയാൾ ‘നിങ്ങൾ ഡി.ആർ.ഡി.ഒ ആളുകളാണ്’ എന്ന് പറഞ്ഞു, തുടർന്ന് കൂടുതൽ അധിക്ഷേപിച്ചു.
തുടർന്ന് അയാൾ എന്റെ ഭാര്യയെ അസഭ്യം പറഞ്ഞു. ഞാൻ കാറിൽ നിന്നിറങ്ങിയ ഉടൻ അയാൾ താക്കോൽ കൊണ്ട് എന്റെ നെറ്റിയിൽ അടിച്ചു. സൈന്യത്തിൽ നിന്നോ പ്രതിരോധ സേനയിൽ നിന്നോ ഉള്ള ഒരാളോട് ആളുകൾ ഇങ്ങനെയാണോ പെരുമാറുന്നത് എന്ന് ചോദിച്ചുകൊണ്ട് ഞാൻ അവിടെ നിന്നുകൊണ്ട് നിലവിളിച്ചു. കൂടുതൽ ആളുകൾ ഒത്തുകൂടി ഞങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങി.
കല്ലെടുത്ത് എന്റെ കാറിന് കേടുവരുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ വീണ്ടും എന്നെ അടിച്ചു. ഇതാണ് സംഭവിച്ചത്. കർണാടക ഇങ്ങനെയായിപ്പോയി...’’ അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും ഉടനടി സഹായം ലഭിച്ചില്ലെന്നും ബോസ് പരാതിപ്പെട്ടു. എന്നാൽ, സംഭവത്തോട് പ്രതികരിച്ച ഈസ്റ്റ് ബംഗളൂരു ഡി.സി.പി ഡി. ദേവരാജ്, വിഷയത്തിൽ ഭാഷാ വിവാദമില്ലെന്നും റോഡിൽ നടക്കുന്ന അടിപിടി മാത്രമാണ് സംഭവമെന്നും ഇരു കൂട്ടരും അക്രമമൊഴിവാക്കേണ്ടതായിരുന്നെന്നും പറഞ്ഞു. വ്യോമസേന ഉദ്യോഗസ്ഥനെ മർദിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

