ബംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂരമർദനം; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം
text_fieldsബംഗളൂരു: നഗരത്തിൽ നടുറോഡിൽ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂര മർദനം. തിങ്കളാഴ്ച പുലർച്ചെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ഐ.എ.എഫ് വിങ് കമാൻഡർ ശിലാദിത്യ ബോസാണ് അക്രമത്തിന് ഇരയായത്. ഭാര്യയോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിത ദത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാത വ്യക്തികൾക്കെതിരെ ബയപ്പനഹള്ളി പൊലീസ് കേസെടുത്തു. ശിലാദിത്യ ഇൻസ്റ്റഗ്രാമിലൂടെയാണ് മർദന വിവരം പുറത്തുവിട്ടത്. മുഖത്തേയും കഴുത്തിലേയും മുറിവുകളിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളടക്കമാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
‘ഞങ്ങൾ ഡി.ആർ.ഡി.ഒ, സി.വി രാമൻ നഗർ ഫേസ് ഒന്നിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ എന്റെ ഭാര്യ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമ്പോൾ പിന്നിൽനിന്ന് ഒരു ബൈക്ക് വന്ന് ഞങ്ങളുടെ കാർ തടഞ്ഞു. ഡാഷ് ക്യാം ദൃശ്യങ്ങളും ഞാൻ പങ്കുവെക്കാം. ബൈക്ക് ഓടിച്ചിരുന്നവരിൽ ഒരാൾ കന്നടയിൽ എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. എന്റെ കാറിലെ ഡി.ആർ.ഡി.ഒ സ്റ്റിക്കർ ശ്രദ്ധയിൽപ്പെട്ടപ്പോൾ അയാൾ 'നിങ്ങൾ ഡി.ആർ.ഡി.ഒ ആളുകളാണ്' എന്ന് പറഞ്ഞു, തുടർന്ന് കന്നടയിൽ കൂടുതൽ അധിക്ഷേപിച്ചു. തുടർന്ന് അയാൾ എന്റെ ഭാര്യയെ അധിക്ഷേപിച്ചു. എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല’ -ആക്രമണം വിവരിച്ച് ബോസ് പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും സഹായം വൈകിയെന്നും ബോസ് അവകാശപ്പെട്ടു. കൃത്യമായ സ്ഥലം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സിവി രാമൻ നഗറിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള റൂട്ടിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പിന്നീട് പോസ്റ്റ് ചെയ്ത രണ്ടാമത്തെ വിഡിയോയിൽ, രോഗിയായ തന്റെ പിതാവിനെ കാണാൻ കൊൽക്കത്തയിലേക്ക് പോവുകയാണെന്ന് ബോസ് വെളിപ്പെടുത്തി. തന്നെയും കുടുംബത്തെയും ഏറെ സ്വാധീനിച്ച "ഞെട്ടിപ്പിക്കുന്ന" സംഭവമായിട്ടാണ് ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

