എ.ഐ.കെ.എം.സി.സി - എസ്.ടി.സി.എച്ച് സമൂഹവിവാഹം 23ന്
text_fieldsബംഗളൂരു: എ.ഐ.കെ.എം.സി.സി - ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് സമൂഹവിവാഹം ഞായറാഴ്ച നടക്കും. ശിവാജി നഗറിലെ ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ യൂസുഫ് ഹാജി (സൗഭാഗ്യ) നഗറിൽ രാവിലെ 10 മുതൽ ചടങ്ങുകൾ ആരംഭിക്കും. ബംഗളൂരു നഗര പരിധിക്ക് പുറത്ത് 150 കിലോമീറ്ററിനുള്ളിൽനിന്നും ലഭിച്ച 156 അപേക്ഷകളിൽനിന്ന് സർവേ നടത്തി ഏറ്റവും അർഹരായ 65 ജോഡി വധൂവരന്മാർക്കാണ് ഞായറാഴ്ച മംഗല്യ സൗഭാഗ്യമൊരുക്കുന്നത്.
സമൂഹവിവാഹത്തോടനുബന്ധിച്ച് ഫുട്ബാൾ ലീഗ്, ക്രിക്കറ്റ്, മുമ്പ് നടത്തിയ സമൂഹവിവാഹങ്ങളിലെ ദമ്പതികളുടെ സംഗമം എന്നിവ ഇതിനകം പൂർത്തിയായതായും അനുബന്ധ പരിപാടികൾക്ക്
വെള്ളിയാഴ്ച ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയിൽ തുടക്കമാവുമെന്നും സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 ന് എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാൻ പതാക ഉയർത്തും. തുടർന്ന് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് നിർവഹിക്കും. നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന മെഗാ തൊഴിൽമേള വെള്ളിയാഴ്ച നടക്കും. എ.എം.പി, ജി ടെക്, എം.എസ്.എഫ് ദേശീയകമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ പങ്കെടുക്കുന്ന ജെനക്സ് ബിസിനസ് സമ്മിറ്റ് ശനിയാഴ്ച നടക്കും.
രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന പരിപാടിയിൽ ബിസിനസ് രംഗത്തെ നവ പ്രവണതകൾ, പിടിച്ചു നിൽക്കലിന്റെ രസതന്ത്രം, ഉയർത്തെഴുന്നേൽപ്പിന്റെ പടവുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. നവ സംരംഭകർക്കും ഉപകാരപ്രദമായ രീതിയിലുള്ള പാനൽ ചർച്ചകൾക്ക് ബിസിനസ് രംഗത്തെ പ്രമുഖർ നേതൃത്വം നൽകും. 23 ന് രാവിലെ 10.30 ന് സമൂഹവിവാഹ പരിപാടികൾ ആരംഭിക്കും. 59 പേരുടെ നിക്കാഹ് കർമം പൂർത്തിയായശേഷം പൊതുപരിപാടികൾക്ക് തുടക്കമാവും. കഴിഞ്ഞ ദിവസങ്ങളിലായി വിവാഹിതരായ ആറ് ഇതര മതസ്ഥരുടെ വിവാഹ സൽക്കാരവും ഇതിനുശേഷം നടക്കും.
പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കർണാടക മന്ത്രിമാരായ ജി. പരമേശ്വര, ആർ. രാമലിംഗ റെഡ്ഡി, കെ.ജെ. ജോർജ്, ദിനേശ് ഗുണ്ടുറാവു, സമീർ അഹ്മദ് ഖാൻ, റഹീം ഖാൻ, കൃഷ്ണ ബൈരെ ഗൗഢ, കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, എം.പിമാരായ ഷാഫി പറമ്പിൽ, ഹാരിസ് ബീരാൻ, ബി.ഡി.എ ചെയർമാനും എം.എൽ.എയുമായ എൻ.എ. ഹാരിസ്, എം.എൽ.എമാരായ റിസ്വാൻ അർഷാദ്, ഉദയ് ബി. ഗരുഡാചാർ, വ്യവസായ പ്രമുഖരായ ബി.എം. ഫാറൂഖ്, സഫാരി സൈനുൽ ആബിദ്, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, കീഴേടത്ത് ഇബ്രാഹിം ഹാജി, അബ്ദുറഹിമാൻ രണ്ടത്താണി, പാറക്കൽ അബ്ദുല്ല തുടങ്ങി മത- സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
പോണ്ടിച്ചേരി ജിപ്മർ ആശുപത്രിക്ക് സമീപം സ്ഥാപിക്കുന്ന ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യുമാനിറ്റിയുടെ പ്രഖ്യാപനം, മടിക്കേരിയിൽ പുതുതായി ആരംഭിക്കുന്ന എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോകെയർ യൂനിറ്റിന്റെ വാഹന സമർപ്പണം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

