12 ജോടികളുടെ വിവാഹസ്വപ്നം പൂവണിയിച്ച് എ.ഐ.കെ.എം.സി.സി
text_fieldsഎ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയും ചേർന്നു സംഘടിപ്പിച്ച എട്ടാമത് സമൂഹ വിവാഹ ചടങ്ങിനോടനുബന്ധിച്ച് നടന്ന പരിപാടികൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയും ചേർന്നു സംഘടിപ്പിച്ച എട്ടാമത് സമൂഹ വിവാഹത്തിനു പരിസമാപ്തിയായി. ബംഗളൂരുവിന്റെ 150 കിലോമിറ്റർ ചുറ്റളവിലെ നിർധനരായ 12 ജോടി യുവതി - യുവാക്കൾക്കാണ് സമൂഹ വിവാഹത്തിലൂടെ മംഗല്യ സ്വപ്നം പൂവണിഞ്ഞത്. ഇതോടെ എട്ട് സീസണുകളിലായി 1042 കുടുംബങ്ങൾക്കാണ് സമൂഹ വിവാഹത്തിലൂടെ വൈവാഹിക ജീവിതത്തിന്റെ സന്തോഷം നൽകിയത്.
ലാൽബാഗിനടുത്ത സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. 10 പേരുടെ നികാഹ് കർമത്തിന് മുഫ്തി ഇർശാദ് അഹ്മദ് മസ്ഹരി നേതൃത്വം നൽകി. സഹോദര സമുദായത്തിൽപ്പെട്ട രണ്ടുപേരുടെ വിവാഹ ചടങ്ങുകൾ അവരുടെ ആചാരപ്രകാരം കഴിഞ്ഞ ദിവസം നടന്നിരുന്നു.
കർണാടക ചെറുകിട വ്യവസായ കോർപറേഷൻ ചെയർമാൻ രഘുമൂർത്തി എം.എൽ.എ വധുക്കൾക്കുള്ള വിവാഹ സമ്മാനം കൈമാറി. ഡോ. മൂന മുഹമ്മദ്, ബദറുന്നീസ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രമുഖ വ്യവസായി കെ. സൈനുൽ ആബിദീൻ മുഖ്യാതിഥിയായി. ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, നസീർ അഹമ്മദ്, കർണാക ഡി.ജി.പി എം.എ. സലീം, മുഹമ്മദ് ഹാരിസ് നാലപ്പാട്, ഡോ. പി.സി. ജാഫർ ഐ.എ.എസ്, ആർ.വി. യുവരാജ്, അഡ്വ. വി.കെ. ഫൈസൽ ബാബു, ഹനീഫ ഹുദവി, സി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. റഈസ് ദാസറഹള്ളി ഖുർആൻ പാരായണം നിർവഹിച്ചു.
ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും സെക്രട്ടറി ഡോ. എം.എ. അമീറലി നന്ദിയും പറഞ്ഞു. ചടങ്ങിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസർകോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മെട്രോ മുഹമ്മദ് ഹാജി അവാർഡ് എസ്.ടി.സി.എച്ചിന് കൈമാറി. സാദിഖലി ശിഹാബ് തങ്ങളുടെ ജീവിതം അടയാളപ്പെടുത്തിയ പ്രശസ്ത നോവലിസ്റ്റ് ഒ.എം. അബൂബക്കറിന്റെ ‘ദ റോൾ മോഡൽ’ പുസ്തക പ്രകാശനവും നടന്നു.
ഡോ. എൻ.എ. മുഹമ്മദിന് ശിഹാബ് തങ്ങൾ സ്മാരക പ്രഥമ മാനവതാവാദ പുരസ്കാരം
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ പ്രഥമ ശിഹാബ് തങ്ങൾ സ്മാരക മാനവതാവാദ പുരസ്കാരത്തിന് ബംഗളൂരു മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അർഹനായി. പുരസ്കാര പ്രഖ്യാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഡോ. എൻ.എ. മുഹമ്മദ്
തന്റെ ചെറുപ്രായത്തിൽ അന്യഭാഷാ പരിജ്ഞാനങ്ങൾ ഒന്നുമില്ലാതെ ഉപജീവനത്തിനായി ജന്മനാടായ കാസർകോടുനിന്ന് കർണാടകയിലെ ഭദ്രാവതിയിലെത്തിയ ഡോ. എൻ.എ. മുഹമ്മദ് കഠിനാധ്വാനവും സമർപ്പിത സേവനവും വഴി കുറഞ്ഞ കാലങ്ങൾ കൊണ്ടുതന്നെ ഭദ്രാവതി മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബംഗളൂരു എന്ന മഹാനഗരത്തിലെത്തിച്ചേരുകയും ഇവിടത്തെ സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിൽ മലയാളികൾക്ക് കൃത്യമായ ദിശാബോധവും മേൽവിലാസവും ഉണ്ടാക്കിയെടുത്ത ഒരു വലിയ മനുഷ്യനായി അദ്ദേഹം വളരുകയും ചെയ്തു.
അദ്ദേഹത്തിന്റെ ആതുര സേവന ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ നിസ്തുലമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മുനവ്വറലി ശിഹാബ് തങ്ങൾ, കമാൽ വരദൂർ, ഡോ. റാഷിദ് ഗസാലി എന്നിവരടങ്ങിയ ജൂറി ഈ പുരസ്കാരത്തിന് ഡോ. എൻ.എ. മുഹമ്മദിനെ തെരഞ്ഞെടുത്തത്. ഡോ. എൻ.എ. മുഹമ്മദും മകൻ എൻ.എ. ഹാരിസ് എം.എൽ.എയും കർണാടകയിലെ മലയാളി സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെയും അഭിമാന ബോധത്തിന്റെയും വലിയ അടയാളപ്പെടുത്തലുകളായി മാറിയതായി സാദിഖലി തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

