എ.ഐ.സി.സി ജനറൽ സെക്രട്ടറി കോൺ. എം.എൽ.എമാരുമായി ചർച്ച തുടങ്ങി
text_fieldsബംഗളൂരു: കർണാടക ഭരണകക്ഷിയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും തലപൊക്കുന്നതിനിടെ സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പാർട്ടി നിയമസഭാംഗങ്ങളുമായി തിങ്കളാഴ്ച കൂടിക്കാഴ്ചകൾ ആരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം എം.എൽ.എമാരുമായുള്ള ചർച്ചകൾ തുടരും. ചിക്കബെല്ലാപുര, കോലാർ മേഖലകളിൽ നിന്നുള്ള എം.എൽ.എമാരെയാണ് ആദ്യദിനം കണ്ടത്. പരാതികൾ കേൾക്കുകയും സർക്കാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു.
സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ചില എം.എൽ.എമാർ അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സെപ്റ്റംബറിന് ശേഷം ‘വിപ്ലവകരമായ’ രാഷ്ട്രീയ സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന് സഹകരണ മന്ത്രി കെ.എൻ രാജണ്ണ സൂചിപ്പിച്ചതാണ് ഇതിൽ ശ്രദ്ധേയം. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും നിലവിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ വഹിക്കുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ മാറ്റത്തെക്കുറിച്ചും പാർട്ടി വൃത്തങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം സുർജേവാലയുടെ റിപ്പോർട്ടിന്റെയും അദ്ദേഹം ശേഖരിക്കുന്ന ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തിൽ എന്ത് നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ സുർജേവാല അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരു വിമാനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എം.എൽ.എമാരുടെ അഭിപ്രായം തേടുകയും അവരുടെ ആശങ്കകൾ കേൾക്കുകയും സംഘടനയെ ശക്തിപ്പെടുത്തുന്നതിന് എന്തുചെയ്യണമെന്ന് വിലയിരുത്തുകയും ചെയ്യും.
താനും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഒറ്റക്കെട്ടായി പാറപോലെ ഉറച്ചുനിന്ന് അഞ്ചു വർഷ ഭരണം പൂർത്തിയാക്കുമെന്ന് ഒപ്പമുണ്ടായിരുന്ന ശിവകുമാറുമായി കൈകോർത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർക്കാർ കാര്യങ്ങൾ മാത്രമല്ല, പാർട്ടി കാര്യങ്ങളും അവലോകനം ചെയ്യുന്നതിനായി സുർജേവാല പതിവായി കർണാടക സന്ദർശിക്കാറുണ്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. രാഷ്ട്രീയ വശങ്ങൾ, പാർട്ടി പരിപാടികൾ എന്നിവയും അദ്ദേഹം അവലോകനം ചെയ്യും.
പാർട്ടിക്കുള്ളിലോ സർക്കാറിനുള്ളിലോ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ, ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം ഞങ്ങളെ നയിക്കും. വ്യക്തിപരമായി അഭിപ്രായങ്ങൾക്ക് കോൺഗ്രസിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, പാർട്ടി ലക്ഷ്മണ രേഖ ലംഘിക്കാൻ ആരേയും അനുവദിക്കില്ല -പരമേശ്വര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

