പരാതിയുണ്ടോ... സഹായത്തിന് എ.ഐയുണ്ട്
text_fieldsബംഗളൂരു: സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പരാതി പരിഹാര സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് സർക്കാര്‍. ഇതോടെ ജനങ്ങള്‍ക്ക് പരാതി നൽകൽ എളുപ്പമാവും. സെന്റർ ഫോർ ഇ-ഗവേണൻസ് വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോം മുഖേന ജലവിതരണം, വൈദ്യുതി, റോഡുകൾ, സർക്കാർ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എളുപ്പത്തില്‍ തയാറാക്കാം.
ഉപഭോക്താക്കള്‍ അടിസ്ഥാന വിവരം മാത്രം നല്‍കിയാല്‍ മതി. എ.ഐ പരാതി തയാറാക്കുകയും ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്യും. കന്നടയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. പരാതിക്കാരന് ശബ്ദസന്ദേശം, ഫോട്ടോ, ആവശ്യമായ രേഖകള്‍ എന്നിവ അപ് ലോഡ് ചെയ്യാം. ഓരോ പരാതിക്കും ഒരു ഐ.ഡി കാര്‍ഡ് ഉണ്ടാകും. അതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ പേര്, നമ്പര്‍, ഓഫിസ് വിലാസം എന്നിവ രേഖപ്പെടുത്തി പരാതിക്കാരന് നല്‍കും. പരാതിയുമായി ബന്ധപ്പെട്ട കത്തുകള്‍ തയാറാക്കി അവ വകുപ്പ് ഉദ്യോഗസ്ഥന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് ചാറ്റ് ജി.പി.ടി മുഖേനയാണ്.
ഏഴു ദിവസത്തിനകം പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഏഴു ദിവസത്തിനകം പരാതി പരിഹരിച്ചില്ലെങ്കില്‍ എട്ടാം ദിവസം മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്ക് സിസ്റ്റം കൈമാറും. ഏഴു ദിവസത്തിന് ശേഷം പരിഹാരമായില്ലെങ്കില്‍ വകുപ്പ് മേധാവിക്ക് 15ാം ദിവസം സന്ദേശം ലഭിക്കും. നിലവില്‍ 2021ല്‍ പ്രവര്‍ത്തനം ആരംഭിച്ച പൊതു പരാതി പരിഹാര സംവിധാനം (ഐ.പി.ജി.ആര്‍.എസ്) എന്ന വെബ്സൈറ്റ് ഉപയോഗിച്ചാണ് പരാതികൾ ഉന്നയിക്കുന്നത്.
പരാതിക്കാരന്റെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവയുൾപ്പെടെ അടിസ്ഥാന വിവരങ്ങൾ നൽകണം. തുടർന്ന് പരാതി ഉന്നയിക്കാൻ വകുപ്പിനെ ബന്ധപ്പെടണം. ഏത് വകുപ്പിനാണ് പരാതി നല്‍കേണ്ടത് എന്നത് മിക്കപ്പോഴും പരാതിക്കാര്‍ക്ക് അറിയാനാവില്ല. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാകും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി അടുത്ത മാസത്തോടെ സംസ്ഥാനം മുഴുവന്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

