ഏഷ്യാനെറ്റ് സുവർണക്കെതിരെ എ.പി.സി.ആർ കേസ് നൽകി
text_fieldsബംഗളൂരു: വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് സുവർണ ന്യൂസിനും അവതാരകൻ അജിത് ഹനുമക്കനവർക്കുമെതിരെ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) ബംഗളൂരു അസി. പൊലീസ് കമീഷണർക്ക് പരാതി നൽകി. മേയ് ഒമ്പതിന് അജിത് ഹനുമക്കനവർ നിയന്ത്രിച്ച ചർച്ചയിൽ ചാനൽ, ഹിന്ദു ജനസംഖ്യയെ കാണിക്കാൻ ഇന്ത്യൻ പതാകയും മുസ്‍ലിം ജനസംഖ്യയെ കാണിക്കാൻ പാകിസ്താൻ പതാകയും കാണിച്ചിരുന്നു.
1950നും 2015നും ഇടയിൽ ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 7.8% കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ ജനസംഖ്യ റിപ്പോർട്ടാണ് പരിപാടി ചർച്ച ചെയ്തത്. ഹനുമക്കനവർ ദേശീയ പതാകകൾ മതസമൂഹങ്ങളുടെ രൂപകങ്ങളായി ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്രമല്ല, കാഴ്ചക്കാരിൽ ഭയം വളർത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഭയം ജനിപ്പിക്കാനും മതപരമായ സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഭജനം പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നതെന്നും ചാനലിനും അവതാരകനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹൈകോടതി അഭിഭാഷകനായ നിയാസ് പരാതിയിൽ അസി. കമീഷണറോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

