പഞ്ചാബ് കാമ്പസിൽ മരിച്ച യുവതിക്ക് ജന്മനാട്ടിൽ അന്ത്യനിദ്ര
text_fieldsആകാൻഷ എസ്. നായരുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
മംഗളൂരു: പഞ്ചാബിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച എയ്റോസ്പേസ് ജീവനക്കാരി ആകാൻഷ എസ്. നായരുടെ (22) സംസ്കാരം ബുധനാഴ്ച ധർമസ്ഥലയിലെ ബൊളിയാറിലുള്ള കുടുംബവസതിയിൽ നടന്നു.
രാവിലെ ഒമ്പത് മണിയോടെ മൃതദേഹം വീട്ടിലെത്തിയപ്പോൾ കുടുംബാംഗങ്ങൾ വിങ്ങിപ്പൊട്ടി. തുടർച്ചയായ മഴയായിട്ടും നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിക്കാൻ തടിച്ചുകൂടി.
ചൊവ്വാഴ്ച രാത്രി യുവതി ജോലി ചെയ്ത കമ്പനി ഏർപ്പെടുത്തിയ വിമാനത്തിൽ ബംഗളൂരുവിലെത്തിച്ച മൃതദേഹം പിന്നീട് ആംബുലൻസിൽ ധർമസ്ഥലയിലേക്ക് കൊണ്ടുവന്നു.
ഹരീഷ് പൂഞ്ച എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാഗേഷ് കുമാർ, സി.പി.എം സെക്രട്ടറി ബി.എം. ഭട്ട്, ആക്ടിവിസ്റ്റ് മഹേഷ് ഷെട്ടി തിമറോഡി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.
ധർമസ്ഥല ബൊളിയറിലെ സുരേന്ദ്ര നായരുടെയും സിന്ധു ദേവിയുടെയും രണ്ടാമത്തെ മകളായ ആകാൻഷ ഡൽഹിയിൽ എയ്റോസ്പേസ് വ്യവസായത്തിൽ ജോലി ചെയ്യുകയായിരുന്നു. ജോലിക്കായി വിദേശത്തേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന അവർ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ പഞ്ചാബിലെ എൽ.പി.യുവിലേക്ക് (ലവ്ലി പ്രഫഷനൽ യൂനിവേഴ്സിറ്റി) പോയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കോളജ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തതായി സംശയിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മാതാപിതാക്കൾ പഞ്ചാബ് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയാളിയായ പ്രഫ. ബിജിൽ മാത്യുവിനെ പഞ്ചാബ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

