എയ്റോ ഇന്ത്യ പരിശീലനം: ബംഗളൂരു വിമാനത്താവളം പകൽ അടച്ചിടും
text_fieldsബംഗളൂരു: എയ്റോ ഇന്ത്യ വ്യോമ പ്രദർശന പരിശീലനം നടക്കുന്നതിനാൽ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള പകൽ സർവിസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ സൈനിക വിമാനങ്ങളുടെ പരിശീലന പറക്കൽ ആരംഭിക്കും.
യെലഹങ്ക വ്യോമസേന വിമാനത്താവളത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെയാണ് എയ്റോ ഇന്ത്യ പ്രദർശനം. അതിനാൽ ബുധനാഴ്ച മുതൽ ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളിൽ പകൽ ചില സമയങ്ങളിൽ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാന സർവിസുകളുണ്ടാവില്ല.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് നിയന്ത്രണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും 14, 15 തീയതികളിൽ ഉച്ചക്ക് 12 മുതൽ ഉച്ചക്ക് 2.30 വരെയും 16,17 തീയതികളിൽ 9.30 മുതൽ ഉച്ചക്ക് 12 വരെയും രണ്ടു മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് നിയന്ത്രണം. പുതുക്കിയ വിമാന സർവിസ് സമയം അതത് വിമാനക്കമ്പനികൾ അറിയിക്കും.