ആകാശ വിസ്മയം തീർത്ത് പോർവിമാന അഭ്യാസപ്രകടനം
text_fieldsഎയ്റോ ഇന്ത്യ റിഹേഴ്സൽ
ബംഗളൂരു: യെലഹങ്ക ആകാശത്ത് ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിസ്മയമായി. വ്യോമസേനയുടെ എയ്റോബാറ്റിക് ടീമായ സൂര്യകിരണിന്റെ ഒമ്പത് പോർവിമാനങ്ങളാണ് അത്ഭുതവും ആവേശവും ജനിപ്പിക്കുന്ന വർണക്കാഴ്ചകൾ എയ്റോ ഇന്ത്യ ഫൈനൽ റിഹേഴ്സലിൽ ഒരുക്കിയത്.
വ്യോമസേനയുടെ ഇരട്ട എൻജിൻ പോർവിമാനമായ സുഖോയ് എസ്.യു.-57, തേജസ്, എച്ച്.എ.എലിന്റെ ഹെലികോപ്ടറുകൾ എന്നിവയും അഭ്യാസ പ്രകടനങ്ങളുമായി കാണികൾക്ക് വിസ്മയമൊരുക്കി. സൂര്യകിരൺ ടീം എത്തിയതോടെ കാഴ്ചകൾ കൂടുതൽ ചടുലമായി. നീലാകാശത്ത് വിവിധ വർണങ്ങളിലുള്ള പുകയുതിർത്ത് പോർവിമാനങ്ങൾ ചിത്രങ്ങൾ രചിച്ചു.
ദേശീയ പതാകയുടെ വർണങ്ങൾ തീർത്തും ഇടക്ക് സ്നേഹത്തിന്റെ ഹൃദയചിഹ്നം വരച്ചും കാണികളുടെ കൈയടി നേടി. നിരയായി മുകളിലേക്ക് കുതിച്ചും കരണംമറിഞ്ഞും വശങ്ങളിലേക്ക് ഊളിയിട്ടും സൂര്യകിരണിന്റെ പോർവിമാനങ്ങൾ ഞെട്ടിച്ചു. റിഹേഴ്സൽ വീക്ഷിക്കാൻ സായുധ സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും സ്കൂൾ വിദ്യാർഥികളും എത്തിയിരുന്നു. ഈ മാസം 10 മുതൽ 14 വരെയാണ് എയ്റോ ഇന്ത്യ അരങ്ങേറുക. ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ സ്പെയ്സ്-ഡിഫൻസ് പ്രദർശനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

