നടൻ ഉപേന്ദ്രയുടെയും ഭാര്യയുടെയും വാട്സ്ആപ് ഹാക്ക് ചെയ്ത് പണം തട്ടി
text_fieldsബംഗളൂരു: നടൻ ഉപേന്ദ്രയുടെയും, ഭാര്യയും നടിയുമായ പ്രിയങ്കയുടെയും മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്ത് വാട്സ്ആപ് വഴി 1.5 ലക്ഷം രൂപ തട്ടിയെടുത്തു. ബിഹാർ സ്വദേശി വികാസ് കുമാർ അറസ്റ്റിൽ. ഉപേന്ദ്രയുടെ മൊബൈൽ ഫോണിൽ ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്ത പ്രിയങ്ക അബദ്ധത്തിൽ ലിങ്ക് ക്ലിക്ക് ചെയ്തതുവഴി ഹാക്കർമാർ വാട്സ്ആപ് അക്കൗണ്ടിൽ പ്രവേശിക്കുകയായിരുന്നു.
വാട്സ്ആപ് വഴി കോൺടാക്ട് ലിസ്റ്റിലുള്ള പലരോടും പണം ആവശ്യപ്പെട്ടു. ഉപേന്ദ്രയാണെന്നുകരുതി ചിലർ പണമയച്ചു നൽകി. സംശയം തോന്നിയ ചിലർ മൊബൈലിൽ വിളിച്ചുനോക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രിയങ്ക ഉടൻ ഭർത്താവിനെയും മാനേജറെയും അറിയിച്ചെങ്കിലും അപ്പോഴേക്കും അവരുടെ ഫോണുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സെൻട്രൽ ഡിവിഷൻ സൈബർ ക്രൈം യൂനിറ്റുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ സൈബർ തട്ടിപ്പുകൾക്ക് കുപ്രസിദ്ധമായ ദശരഥ്പൂർ ഗ്രാമത്തിൽനിന്നുള്ളവരായിരുന്നു ഹാക്കർമാർ എന്ന് കണ്ടെത്തി. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ വികാസ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

