ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകി ആക്ടിവിസ്റ്റ് മഹേഷ് ഷെട്ടി തിമറോഡി
text_fieldsമംഗളൂരു: പൊലീസിന്റെ അതിരുകടന്ന അതിക്രമം, രാഷ്ട്രീയ ലക്ഷ്യം, തന്റെ മൗലികാവകാശങ്ങളുടെ ലംഘനം എന്നിവ ആരോപിച്ച് സാമൂഹിക പ്രവർത്തകനും ആക്ടിവിസ്റ്റുമായ മഹേഷ് ഷെട്ടി തിമറോഡി ദേശീയ മനുഷ്യാവകാശ കമീഷന് (എൻ.എച്ച്.ആർ.സി) മുമ്പാകെ പരാതി നൽകി. കമീഷനുള്ള കത്തിൽ, തനിക്കും തന്റെ അനുയായികൾക്കുമെതിരെ രജിസ്റ്റർ ചെയ്ത നിരവധി എഫ്.ഐ.ആറുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു. പൊലീസിനെ ഭീഷണിപ്പെടുത്തൽ, കെട്ടിച്ചമക്കൽ, രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
രാഷ്ട്രീയ ഹിന്ദു ജാഗ്രത് വേദികെയുടെയും പ്രജാ പ്രഭു വേദികെയുടെയും സ്ഥാപകനും ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാനുമായ തിമറോഡി തന്റെ ആക്ടിവിസത്തിന്റെ പേരിൽ പതിറ്റാണ്ടുകളായി പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസത്തെ സംഭവങ്ങൾ വിയോജിപ്പിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നിയമപരമായ പ്രതിഷേധത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് പറഞ്ഞു. കഴിഞ്ഞ 13 വർഷമായി സൗജന്യ കൂട്ടബലാത്സംഗ, കൊലപാതക കേസിൽ നീതിക്കായി നിരന്തരം പോരാടുന്നുണ്ടെന്നും ഈ കാലയളവിൽ തന്നെ നിശ്ശബ്ദനാക്കാൻ വേണ്ടിയുള്ള ഭീഷണികൾ, പീഡനങ്ങൾ, കള്ളക്കേസുകൾ എന്നിവയെല്ലാം താൻ സഹിച്ചുവെന്നും അദ്ദേഹം കമീഷനെ ഓർമിപ്പിച്ചു.
ധർമസ്ഥലയിലെ ഒരു ക്ഷേത്രം, ഒരു ഹിന്ദു ആത്മീയ കേന്ദ്രമായി പണ്ടേ കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അത് ഒരു ജൈന സ്ഥാപനമാണെന്ന് വിശേഷിപ്പിക്കുകയും അതേസമയം ബി.ജെ.പി നേതാക്കളുടെ രാഷ്ട്രീയ പിന്തുണ ആസ്വദിക്കുകയും ചെയ്ത സ്വകാര്യ വ്യക്തികൾക്ക് എങ്ങനെ കൈമാറിയെന്ന് ചോദ്യം ചെയ്തതോടെയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ ശൃംഖല ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. പൊതുചർച്ചക്ക് പകരം, പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം 16ന് ബി.ജെ.പി നേതാവ് ബി.എൽ. സന്തോഷിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബ്രഹ്മവാര പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ (ക്രൈം നമ്പർ 177/2025) രജിസ്റ്റർ ചെയ്തു. പരാതിക്കാരന് ഈ വിഷയത്തിൽ നേരിട്ട് പങ്കില്ലെന്നും തന്നെ ലക്ഷ്യം വെക്കാൻ സംസ്ഥാന യന്ത്രങ്ങൾ ദുരുപയോഗം ചെയ്തതായും തിമറോഡി പറഞ്ഞു.
എഫ്.ഐ.ആർ ഇട്ടതിനു തൊട്ടുപിന്നാലെ തന്റെ വീട്ടിൽ നോട്ടീസ് നൽകിയ കാര്യം അദ്ദേഹം ഓർമിച്ചു. അധികാരികൾക്ക് മുന്നിൽ ഹാജരാകാൻ 15 ദിവസത്തെ സമയം ആവശ്യപ്പെട്ടപ്പോൾ മറുപടി ലഭിച്ചില്ല. പകരം,ആഗസ്റ്റ് 21ന് ഏഴ് പൊലീസ് ജീപ്പുകൾ, രണ്ട് വാനുകൾ, മുതിർന്ന ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ഒരു സിവിൽ വാഹനം എന്നിവ തന്റെ വസതിയിലേക്ക് ഇരച്ചുകയറി. നിയമം പാലിക്കാനല്ല, മറിച്ച് പരസ്യമായി തന്നെ അപമാനിക്കാനായിരുന്നു അത്. ഗ്രാമവാസികളും കുടുംബാംഗങ്ങളും പൊലീസിനോട് അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ നിർബന്ധിച്ചു. സംഘർഷം രൂക്ഷമാകാതിരിക്കാൻ, സ്വമേധയാ ഹാജരാകുമെന്ന് പ്രഖ്യാപിച്ചു. ഉജിരെയിൽ നിന്ന് ബ്രഹ്മവാരയിലേക്കുള്ള വഴിയിൽ, ‘സൗജന്യക്ക് നീതി’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ആളുകൾ റോഡുകളിൽ നിരന്നു.
എന്നിട്ടും പീഡനം തുടർന്നുവെന്ന് തിമറോഡി ആരോപിച്ചു. തന്റെ മൂന്ന് യുവ അനുയായികൾ സഞ്ചരിച്ചിരുന്ന വാഹനം അബദ്ധത്തിൽ എ.എസ്.പിയുടെ വാഹനത്തിൽ ഇടിച്ചു. ചെറിയൊരു അപകടമായി കണക്കാക്കുന്നതിനുപകരം, പൊലീസ് അതിനെ മനഃപൂർവമായ ആക്രമണമായി പെരുപ്പിച്ചു കാണിച്ചു. 18, 21, 25 വയസ്സുള്ള യുവാക്കളെ കാർക്കള സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു, കൊലപാതകശ്രമക്കുറ്റം ചുമത്താൻ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽ സമ്മർദം ചെലുത്തിയതായി ആരോപിക്കപ്പെടുന്നു. ഐ.പി.സി 307 പ്രകാരം യുവാക്കൾക്കെതിരെ കേസെടുക്കാൻ പ്രൊബേഷനറി എ.എസ്.പി ഹർഷ പ്രിയംവദ ഉദ്യോഗസ്ഥരോട് നിർദേശിക്കുന്നത് പോലും കേട്ടതായി അദ്ദേഹം പറഞ്ഞു. ഇത് ശിക്ഷാ വ്യവസ്ഥകളുടെ ആകസ്മികവും അപകടകരവുമായ ദുരുപയോഗം തുറന്നുകാട്ടുന്നു.
രക്തസമ്മർദ്ദം ഗുരുതരമായിരുന്നിട്ടും ആശുപത്രി കസ്റ്റഡിയിലുള്ള ഡോക്ടർമാരുടെ ശിപാർശകൾ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുൻകാല കേസുകളുടെ അടിസ്ഥാനത്തിൽ സ്ഥിര ജാമ്യവും ഇടക്കാല ജാമ്യവും നിഷേധിച്ചു. അവയിൽ മിക്കതും ഇതിനകം അവസാനിപ്പിച്ചതോ രാഷ്ട്രീയ പ്രേരിതമോ ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പൊലീസ് നടപടിക്കിടെ അദ്ദേഹത്തിന്റെ വസതിയിൽ തടിച്ചുകൂടിയ ഗ്രാമവാസികളെയും പിന്തുണക്കാരെയും, പൊലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് എഫ്.ഐ.ആർ നമ്പർ 94/2025 ൽ കേസെടുത്തു. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ ഹാജരായ മനുഷ്യാവകാശ പ്രവർത്തകൻ ഉൾപ്പെടെ മറ്റുള്ളവർക്കെതിരെ എഫ്.ഐ.ആർ നമ്പർ 100/2025 ൽ കേസെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിലാണെങ്കിലും ഈ എഫ്.ഐ.ആറിൽ തന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് വ്യക്തമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മഹേഷ് ഷെട്ടിയെ അറസ്റ്റ് ചെയ്ത് ജാമ്യം നൽകുന്നത് തടയാൻ ഉന്നതതല സമ്മർദമുണ്ടെന്ന്, ബ്രഹ്മവാരയിലെ ഒരു എസ്.ഐ ഒരു സർക്കിൾ ഇൻസ്പെക്ടറോട് പറയുന്നത് തന്റെ അനന്തരവൻ കേട്ടതായി തിമറോഡി വിവരിച്ചു. പറയുന്നത് കേട്ടതായി മനസ്സിലാക്കിയ ഇൻസ്പെക്ടർ തിടുക്കത്തിൽ സംഭാഷണം തന്റെ ചേംബറിലേക്ക് മാറ്റി.
രാഷ്ട്രീയ ഗൂഢാലോചനയുടെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനുയായികളിൽ ഭൂരിഭാഗവും ദിവസവേതനക്കാരാണ്, ഇപ്പോൾ നിരവധി കള്ളക്കേസുകൾ, ആവർത്തിച്ചുള്ള സമൻസുകൾ, കോടതി വിചാരണകൾ, താങ്ങാനാവാത്ത നിയമച്ചെലവുകൾ എന്നിവ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യക്ക് നീതി ആവശ്യപ്പെടുന്നതിലും മതസ്ഥാപനങ്ങളുടെ ദുരുപയോഗത്തെ ചോദ്യം ചെയ്യുന്നതിലും തന്നോടൊപ്പം നിൽക്കുക എന്നതായിരുന്നു അവരുടെ ഏക പങ്ക് എന്ന് അദ്ദേഹം അവകാശപ്പെട്ടു.
സാമുദായിക ചരിത്രമൊന്നുമില്ലെങ്കിലും, വർഗീയ കലാപവുമായി ബന്ധപ്പെട്ട് തെറ്റായി ബന്ധിപ്പിച്ച് ദക്ഷിണ കന്നട ജില്ലയിൽനിന്ന് അദ്ദേഹത്തെ പുറത്താക്കാൻ അസിസ്റ്റന്റ് കമീഷണറുടെ മേൽ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അവ കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നു പ്രഖ്യാപിക്കണമെന്നും, അവ പിൻവലിക്കാൻ ശിപാർശ ചെയ്യണമെന്നും തിമറോഡി തന്റെ ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

