സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചാൽ നടപടി-കമീഷണർ
text_fieldsപൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഢി
മംഗളൂരു: ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ ശത്രുത വളർത്തുന്നതിനും മുസ്‌ലിം സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കിംവദന്തികൾ പ്രാദേശികമായും വിദേശത്തും പ്രചരിപ്പിക്കുന്ന ഏകോപിത ശൃംഖല സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി മുന്നറിയിപ്പ് നൽകി. പൊലീസ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും മൂഡബിദ്രിയിലെ മുസ്‌ലിം സംഘടനയുടെ പരിപാടിയിൽ പൊലീസ് അടുക്കള റെയ്ഡ് നടത്തി ബീഫ് പാചകം ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചുവെന്ന സമൂഹ മാധ്യമ പോസ്റ്റുകളോട് പ്രതികരിച്ച കമീഷണർ, ഈ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണെന്നും പറഞ്ഞു.
കിംവദന്തികൾ തെറ്റാണെന്ന് തെളിയിക്കുന്ന വിശദീകരണം ബന്ധപ്പെട്ട സംഘടന ഇതിനകം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് ദിവസമായി ചില വ്യക്തികൾ പഴയ സംഭവങ്ങളെയോ പതിവ് സംഭവങ്ങളെയോ പെരുപ്പിച്ചു കാണിക്കുകയും അവയെ പ്രധാന സംഭവവികാസങ്ങളായി അവതരിപ്പിക്കുകയും പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് കമീഷണർ പറഞ്ഞു. അവരുടെ ഏക ലക്ഷ്യം വർഗീയ വിദ്വേഷം വളർത്തുക എന്നതാണ്.
ഓൺലൈൻ ഗ്രൂപ്പുകളിലെ മതേതര ഹിന്ദുക്കളും മുസ്‌ലിംകളും പൊലീസിന് വിവരങ്ങൾ നൽകുന്നുണ്ടെന്നും വിദ്വേഷ പ്രചാരകർക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും കുഴപ്പക്കാർക്ക് അറിയില്ലായിരുന്നുവെന്ന് റെഡ്ഡി കൂട്ടിച്ചേർത്തു. ഇത്തരം കേസുകൾ പൊലീസ് വിശദമായി അന്വേഷിക്കുകയും ഉചിതമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. കെട്ടിച്ചമച്ച സന്ദേശങ്ങളിലൂടെ സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ പൊലീസ് വെച്ചുപൊറുപ്പിക്കില്ലെന്ന് കമീഷണർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

