സ്കൂൾ ഫീസ് വർധനക്കെതിരെ നടപടി -ബാലാവകാശ കമീഷൻ
text_fieldsബംഗളൂരു: ബംഗളൂരുവിലെ നിരവധി മുൻനിര സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളുടെ അമിത ഫീസ് വർധനക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ. നാഗണ്ണ ഗൗഡ പറഞ്ഞു. ഈ വർഷം രക്ഷിതാക്കളിൽനിന്ന് നിരവധി പരാതികൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
സ്കൂൾ ഫീസിലെ അന്യായ വർധന, ഫീസ് പരിഷ്കരണത്തിലെ സുതാര്യതയില്ലായ്മ എന്നിവക്ക് പുറമെ സ്കൂളുകാർ നിർദേശിക്കുന്ന വിൽപനക്കാരിൽനിന്ന് പാഠപുസ്തകങ്ങൾ, യൂനിഫോമുകൾ, ഷൂസ്, ബാഗുകൾ, മറ്റു വസ്തുക്കൾ എന്നിവ വാങ്ങാൻ രക്ഷിതാക്കളുടെ മേൽ സമ്മർദം എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്ക പരാതികളും. പരാതികളെ തുടർന്ന് കമീഷൻ ചില സ്കൂളുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അവയിൽ മിക്കതും സെൻട്രൽ ബോർഡുമായി അഫിലിയേറ്റ് ചെയ്തതാണ്.
ഈ വർഷം 300ലധികം പരാതികൾ കമീഷന് ലഭിച്ചു. ഓരോ കേസിന്റെയും ഗൗരവം കണക്കിലെടുത്ത് നടപടിയെടുക്കുന്നു. ബുധനാഴ്ച സെൻട്രൽ ബംഗളൂരുവിലെ മൂന്നു സ്കൂളുകൾക്ക് നോട്ടീസ് നൽകിയിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ വിദ്യാഭ്യാസ കമീഷണർക്ക് കമീഷൻ കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.
മാനദണ്ഡങ്ങൾ അനുസരിച്ച്, സ്വകാര്യ സ്കൂളുകൾക്ക് പ്രതിവർഷം 10 മുതൽ 12 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുവാദമുണ്ട്. എന്നാൽ, ചില സ്കൂളുകൾ ഈ വർഷം 40 ശതമാനം വരെ ഫീസ് വർധിപ്പിച്ചതായാണ് പരാതി. ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച വിഷയം സർക്കാർ ഗൗരവമായി കാണുകയും ഫീസ് ഉയർത്തുന്നതിന് മാനദണ്ഡം നിശ്ചയിക്കുകയും സ്കൂളുകളെ നിരീക്ഷിക്കുകയും വേണമെന്ന് ഗൗഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

