ഫിനിക്സ് മാളിനെതിരായ നടപടി ഹൈകോടതി മരവിപ്പിച്ചു
text_fieldsബംഗളൂരു: ബെള്ളാരി റോഡിലെ ഫിനിക്സ് മാൾ ഓഫ് ഏഷ്യ രണ്ടാഴ്ചത്തേക്ക് അടച്ചിടാനുള്ള ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഉത്തരവിൽ തുടർനടപടി കർണാടക ഹൈകോടതി തടഞ്ഞു. മാൾ ഉടമകളായ മുംബൈയിലെ സ്പാർക്കിൾ വൺ മാൾ ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹരജിയിലാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് താൽക്കാലിക സ്റ്റേ അനുവദിച്ചത്.
രണ്ടാഴ്ചത്തേക്ക് മാൾ അടച്ചിടണമെന്നായിരുന്നു സിറ്റി പൊലീസ് കമീഷണറുടെ ഉത്തരവ്. മാളിലേക്ക് ആളുകൾ കൂടുതലായി വരുന്നത് മേഖലയിൽ ഗതാഗത തടസ്സത്തിനിടയാക്കുന്നുവെന്നും മാളിൽനിന്നുള്ള ശബ്ദമലിനീകരണം സമീപവാസികൾക്ക് ശല്യമാകുന്നെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതുവത്സരത്തിനും മകരസംക്രാന്തി ആഘോഷ വാരാന്ത്യത്തിലും (ജനുവരി 13, 14) തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ജനുവരി 15 വരെ മാൾ അടച്ചിടാൻ നിർദേശിച്ചത്. 10,000 കാറുകളും 10,000 ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സ്ഥലം മാളിൽ വേണ്ടതുണ്ട്.
എന്നാൽ, 2324 വാഹനങ്ങൾ നിർത്താനുള്ള സൗകര്യമേ മാളിലുള്ളൂ എന്ന് ബംഗളൂരു ട്രാഫിക് പൊലീസ് ജോയന്റ് കമീഷണർ സിറ്റി പൊലീസ് കമീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാളിൽ സന്ദർശനത്തിനെത്തുന്നവർ പലപ്പോഴും സമീപത്തെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുകൂടി കടന്നുപോകുന്ന പ്രധാന പാതയായ ബെള്ളാരി റോഡിലാണ് മാൾ സ്ഥിതി ചെയ്യുന്നത്.
ഗതാഗത തടസ്സം രൂപപ്പെടുന്നത് ആംബുലൻസ് സർവിസുകളെയും ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമീഷണർ മാൾ അടച്ചിടാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

