അബൂദബി രാജകുടുംബത്തിന്റെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; മുങ്ങിയയാൾ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: അബൂദബി രാജകുടുംബാംഗത്തിന്റെ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡൽഹിയിൽ ആഡംബര ഹോട്ടലിൽ മുറിയെടുത്ത് ലക്ഷങ്ങൾ ബില്ലടക്കാതെ മുങ്ങിയ ദക്ഷിണ കന്നട സ്വദേശി മംഗളൂരുവിൽ പിടിയിൽ. തട്ടിപ്പ് നടത്തി രണ്ടു മാസത്തിനുശേഷമാണ് അറസ്റ്റ്.
മുഹമ്മദ് ശരീഫാണ് (41) ഡൽഹി പൊലീസിന്റെ പിടിയിലായത്. യു.എ.ഇ താമസക്കാരനാണെന്നും അബൂദബി രാജകുടുംബാംഗത്തിന്റെ ഓഫിസിൽ ജോലി ചെയ്യുകയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ കഴിഞ്ഞ ആഗസ്റ്റ് ഒന്നുമുതൽ നവംബർ 20 വരെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസിൽ താമസിച്ചത്.
പിന്നീട് 23.46 ലക്ഷം രൂപയുടെ ബിൽ അടക്കാതെ മുങ്ങി. ബിൽ തുക 35 ലക്ഷം രൂപയായിരുന്നു. താമസസമയം ഇയാൾ 11.5 ലക്ഷം രൂപയാണ് നൽകിയത്. പിന്നീട് 20 ലക്ഷം രൂപയുടെ ചെക്ക് നവംബറിൽ നൽകി. ഇത് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി.
ജനുവരി 19ന് ഇയാൾ ബംഗളൂരുവിലേക്കു കടന്നതായി പൊലീസ് പറഞ്ഞു. ഹോട്ടൽ അധികൃതരുടെ പരാതിയിലാണ് നടപടി. ഹോട്ടൽമുറിയിൽനിന്ന് ഇയാൾ വെള്ളികൊണ്ടുള്ള വസ്തുക്കളും മറ്റു സാധനങ്ങളും മോഷ്ടിച്ചിട്ടുമുണ്ട്.