ദേശീയപാത 73ൽ അപകടങ്ങൾ തുടർക്കഥ
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: മംഗളൂരു-തുമകൂരൂ ദേശീയ പാത എൻ.എച്ച് 73 കടന്നു പോകുന്ന ബികർനക്കട്ടെ ഫ്ലൈ ഓവർ-പടീൽ റോഡിൽ തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തത് പ്രദേശവാസികളെയും വാഹന യാത്രികരെയും പ്രയാസത്തിലാക്കുന്നു. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തനരഹിതമാണ്. രാത്രി വൈകിയും ലോറി, ട്രക്ക് തുടങ്ങിയ ഭാര വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. ഇരുട്ട് പരക്കുന്നതോടെ പ്രദേശവാസികൾ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. മരോളി, പടീൽ എന്നിവക്കിടയിൽ അപകടകരമായ നിരവധി വളവുകളുണ്ട്. കാറുകളും ട്രക്കുകളും മറിഞ്ഞ് നിരവധി അപകടങ്ങൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രദേശത്തെ തെരുവ് വിളക്കുകളുടെ തൂണുകൾ പലതും വർഷങ്ങളായി തകർന്നുകിടക്കുകയാണ്. ഇത് മാറ്റി സ്ഥാപിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. 20 തൂണുകളിലെ ഒരു ബൾബ് മാത്രമാണ് പ്രവർത്തനക്ഷമമെന്നും ബൾബുകൾ മാറ്റി സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. അപകട സാധ്യതയുള്ള മേഖലയായതിനാൽ തന്നെ തെരുവ് വിളക്കുകളുടെ അഭാവം അപകട സാധ്യത ഇരട്ടിയാക്കും. മഴക്കാലത്ത് ഹെഡ് ലൈറ്റുകളുടെ വെളിച്ചം മതിയാകാതെ വരുന്നു. തെരുവ് വിളക്കുകൾ പുനഃസ്ഥാപിച്ചിട്ടില്ലെങ്കിൽ പ്രദേശത്ത് അപകടങ്ങൾ വർധിക്കുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

