ദേശീയപാതകളിൽ ലോറി അപകടം; മണിക്കൂറുകളോളം ഗതാഗത തടസ്സം
text_fieldsബംഗളൂരു: കോലാറിലും നെലമംഗലയിലും ദേശീയപാതകളിൽ ലോറി അപകടം. കോലാർ ചുഞ്ചദനഹള്ളിയിൽ ദേശീയപാത 75ൽ ഡീസൽ ടാങ്കർ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഡീസൽ ചോർന്ന് വൻ അപകടമുണ്ടാവാതിരിക്കാൻ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മുൻകരുതൽ നടപടി സ്വീകരിച്ചു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. കോലാർ റൂറൽ പൊലീസ് അന്വേഷണമാരംഭിച്ചു.
നെലമംഗല ദേശീയ പാതയിൽ ഇരുമ്പു പൈപ്പുകളുമായി പോവുകയായിരുന്ന ലോറി മറിഞ്ഞതിനെ തുടർന്ന് ഇരുമ്പു പൈപ്പുകൾ റോഡിൽ ചിതറി. നെലമംഗല ബുദ്ധിഹാൽ ഗേറ്റിൽ തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. അമിതവേഗവും ലോറി ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് തുമകൂരു- ബംഗളൂരു ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

