കാറും ബസും കൂട്ടിമുട്ടി മൂന്നുപേർ മരിച്ചു
text_fieldsബംഗളൂരു: ബംഗളൂരു - മൈസൂരു പാതയിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ബംഗളൂരു ശിവാജിനഗർ സ്വദേശികളായ ലിയാഖത് (50), അസ്മ (38), നൂർ (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെ രാമനഗര സംഗബസവനദൊഡ്ഡിക്ക് സമീപമാണ് അപകടം. മൈസൂരുവിൽ കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മൂന്നുപേരും. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചശേഷം മറികടന്ന് എതിരെ വന്ന കർണാടക ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലിയാഖത്തും നൂറും അപകടസ്ഥലത്തും അസ്മ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. രാമനഗര പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു.

