ആം ആദ്മി പാർട്ടി കർണാടക കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsപൃഥ്വി റെഡ്ഡി
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാർട്ടി കർണാടക കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പൃഥ്വി റെഡ്ഡിയെ പ്രസിഡന്റായും സഞ്ജിത് സാഹ്നിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മുൻ സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവുവാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റി ചെയർമാൻ.
സുപ്രീംകോടതി അഭിഭാഷകൻ ബ്രിജേഷ് കാലപ്പ കമ്യൂണിക്കേഷൻ ഇൻ ചാർജും നടനും രാഷ്ട്രീയപ്രവർത്തകനുമായ മുഖ്യമന്ത്രി ചന്ദ്രു കാമ്പയിൻ കമ്മിറ്റി പ്രസിഡന്റുമാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പ് കർണാടക, കേരള കമ്മിറ്റികളടക്കം എ.എ.പി പിരിച്ചുവിട്ടിരുന്നു.
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ എ.എ.പിക്ക് കർണാടക തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കാനാണ് എ.എ.പി തീരുമാനം.
അഞ്ചു വർക്കിങ് പ്രസിഡന്റുമാരെയും 10 വൈസ് പ്രസിഡന്റുമാരെയും 20 സെക്രട്ടറിമാരെയും 31 ജോയന്റ് സെക്രട്ടറിമാരെയും ഉൾപ്പെടുത്തി വിപുലമായ സംസ്ഥാന കമ്മിറ്റിയാണ് രൂപവത്കരിച്ചിട്ടുള്ളത്. ഡൽഹി നിയമസഭ ചീഫ് വിപ്പ് ദിലീപ് പാണ്ഡെ കർണാടകയുടെ ചുമതല നിർവഹിക്കും.
ഫെബ്രുവരി ആദ്യവാരത്തിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്ന നടപടികൾ ആരംഭിക്കുമെന്നും 58,000 ബൂത്തുകളിലേക്ക് ഫെബ്രുവരി മധ്യത്തോടെ എ.എ.പി പ്രചാരണമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.