ആത്മഹത്യകൾക്ക് ഉത്തരവാദി സർക്കാർ -എ.എ.പി
text_fieldsഎ.എ.പി കർണാടക അധ്യക്ഷൻ ‘മുഖ്യമന്ത്രി’ ചന്ദ്രു
ബംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ നിയമവിരുദ്ധമായ നടപടികൾമൂലം കർഷക ആത്മഹത്യകൾ വർധിച്ചതിന് കർണാടക സർക്കാറാണ് നേരിട്ട് ഉത്തരവാദിയെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. ‘മുഖ്യമന്ത്രി’ ചന്ദ്രു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ അടിയന്തരവും കർശനവുമായ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാദേശിക രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും പിന്തുണയോടെ ഈ അനധികൃത മൈക്രോഫിനാൻസ് കമ്പനികൾ ആർ.ബി.ഐ ചട്ടങ്ങളുടെയും ഇന്ത്യൻ നിയമങ്ങളുടെയും പരിധിക്ക് പുറത്താണ് പ്രവർത്തിക്കുന്നതെന്ന് ഡോ. ചന്ദ്രു പറഞ്ഞു. അമിതമായ പലിശ നിരക്കുകളുടെ തിരിച്ചടവ് നടപ്പാക്കാൻ നിയമവിരുദ്ധമായ വീണ്ടെടുക്കൽ, ഭീഷണികൾ, പൊതു അപമാനം എന്നിവ ഉൾപ്പെടെയുള്ള ക്രിമിനൽ തന്ത്രങ്ങൾ അവർ ഉപയോഗിച്ചു. ഇത് സംസ്ഥാന പൊലീസ് വകുപ്പിന്റെ വീഴ്ചയാണ് ഉയർത്തിക്കാട്ടുന്നത്. പ്രാദേശിക സഹകരണ സംഘങ്ങൾ കർഷകർക്ക് കുറഞ്ഞ പലിശക്ക് വായ്പ നൽകാത്തതിനെ ചന്ദ്രു വിമർശിച്ചു. മറുവശത്ത്, വിളനാശത്തിന് ധനസഹായം നൽകുന്ന സർക്കാർ പദ്ധതികൾ കർഷകരിലേക്ക് ഫലപ്രദമായി എത്തിയിട്ടില്ല. ഇത് നിരവധി കർഷകരെ അനധികൃത മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലേക്ക് തിരിയാൻ നിർബന്ധിതരാക്കി. ഇത് കടുത്ത നടപടികളിലേക്ക് അവരെ പ്രേരിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു.
സംസ്ഥാന പൊലീസിന്റെയും കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി) നിഷ്ക്രിയത്വം നിരാശാജനകമാണ്. മൈക്രോഫിനാൻസ് കമ്പനികൾക്കെതിരെ നേരത്തേതന്നെ കർശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ നൂറുകണക്കിന് കർഷകരുടെ ജീവൻ രക്ഷിക്കാമായിരുന്നു. പകരം സർക്കാറും പ്രതിപക്ഷവും അടിസ്ഥാനരഹിതമായ രാഷ്ട്രീയ കുറ്റപ്പെടുത്തലുകളുടെ തിരക്കിലാണ്. ഈ സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്നും ഇ.ഡി നടപടിക്ക് ശിപാർശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

