കെ.ആര്‍.എസ് അണക്കെട്ടില്‍ 58.62 കോടിയുടെ ടൂറിസം പദ്ധതി
text_fieldsബംഗളൂരു: കൃഷ്ണ രാജ സാഗർ അണക്കെട്ടിനോട് (കെ.ആർ.എസ്) ചേർന്നുള്ള ചോളനഹള്ളിയിൽ 58.62 കോടി രൂപയുടെ വൻകിട വിനോദസഞ്ചാര പദ്ധതിയുമായി സംസ്ഥാന ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ടി.ഐ.എൽ). പരിസ്ഥിതി സൗഹൃദ കോട്ടേജുകൾ, ഹൗസ് ബോട്ടുകൾ, സാഹസിക കായിക വിനോദങ്ങള്‍ എന്നിവയാണ് പദ്ധതി വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
മൈസൂരു, ശ്രീരംഗപട്ടണം, ഹസൻ, ബേലൂർ, ഹാലെബീഡു എന്നിവിടങ്ങളിലെ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി 'ദക്ഷിണ കർണാടക സർക്യൂട്ട്' പദ്ധതിയുടെ കീഴില്‍ പൊതു-സ്വകാര്യ-പങ്കാളിത്തത്തോടെ (പി.പി.പി) പദ്ധതി നടപ്പാക്കും. 2022-23ലെ കർണാടക ബജറ്റിൽ പി.പി.പി. മാതൃകയിൽ രണ്ട് പ്രധാന ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വടക്കൻ കർണാടകയിലെ ഹംപി-ബദാമി-ഐഹോളെ-പട്ടടക്കൽ-വിജയപുര സർക്യൂട്ട്, ദക്ഷിണ കർണാടകയിലെ മൈസൂരു-ശ്രീരംഗപട്ടണ-ഹസൻ-ബേലൂർ-ഹാലെബീഡു സർക്യൂട്ട് എന്നിവ ആയിരുന്നു അവ. 2022-23 ബജറ്റിൽ സൗത്ത് സർക്യൂട്ടിനായി 58 കോടി രൂപ നീക്കിവെച്ചിരുന്നു.
നാലു സാഹസിക പ്രവർത്തനങ്ങൾ, മൂന്ന് ഹോസ്പിറ്റാലിറ്റി പദ്ധതികൾ, രണ്ട് വെൽനസ് സംരംഭങ്ങൾ, രണ്ട് കാരവാനുകൾ, നാല് സാംസ്കാരിക പദ്ധതികൾ, സഞ്ചാരികള്‍ക്കായി നാലിടങ്ങളില്‍ വഴിയോര സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ആകെ 19 പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കർണാടക ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ടി.ഐ.എൽ) ആണ് ഡി.ബി.എഫ്.ഒ.ടി (ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) മാതൃകയിൽ സൗത്ത് സർക്യൂട്ട് പദ്ധതി നടപ്പാക്കുന്നത്. കെ.ആർ.എസ് ഡാമിന് സമീപമുള്ള ചോളനഹള്ളിയിലെ 19.03 ഏക്കർ ഭൂമിയിലാണ് അത്യാധുനിക ടൂറിസം കേന്ദ്രം ഒരുങ്ങുന്നത്.
ദക്ഷിണ കർണാടകയിലെ വിനോദസഞ്ചാര മേഖലക്ക് ഈ പദ്ധതി വലിയ ഊർജം പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടേക്ക് റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. കൂടാതെ കെ.ആര്‍.എസ് അണക്കെട്ടിനടുത്തുള്ള പ്രദേശമായതിനാല്‍ ജല-കര സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യമാണ്. പ്രവേശന കവാടം, പാർക്കിങ് ഏരിയ, കുട്ടികളുടെ പാർക്ക്, ഫുഡ് കോർട്ടുകൾ, ഓപ്പൺ പ്ലാസകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടും. ജലസംഭരണിയുടെ സൗന്ദര്യം ആസ്വദിക്കാനായി ബോർഡ് വാക്ക് സൗകര്യവും ഒരുക്കും. എല്ലാ പ്രായത്തിലുമുള്ള സന്ദർശകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ളതാണ് പദ്ധതി. വർക്ക് ഓർഡർ നൽകി രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിനോദസഞ്ചാരികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ പ്രത്യേക സമിതി നിരക്കുകൾ നിശ്ചയിക്കും. ഭൂവിനിയോഗ, പരിസ്ഥിതി അനുമതികൾ, സുരക്ഷ നടപടികള്‍, പൊലീസ്, ഫയർ ഡിപ്പാർട്ട്‌മെന്‍റ്, ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപറേഷൻ എന്നിവിടങ്ങളില്‍ നിന്ന് സർട്ടിഫിക്കറ്റുകൾ നേടണമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

