ബി.ജെ.പി സർക്കാറിന്റെ കാലത്തെ ‘40 ശതമാനം കമീഷൻ’ ആരോപണം ഏകാംഗ സമിതി അന്വേഷിക്കും
text_fieldsRepresentational Image
ബംഗളൂരു: കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങൾ സിദ്ധരാമയ്യ സർക്കാർ നിയോഗിച്ച ഏകാംഗ കമീഷൻ അന്വേഷിക്കും. പ്രധാനമായും ‘40 ശതമാനം കമീഷൻ’ ആരോപണമാണ് ബി.ജെ.പി സർക്കാറിനെതിരെ ഉയർന്നത്. ഇതുസംബന്ധിച്ച് മുൻ കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും. 2019 ജൂലൈ 26നും 2023 മാർച്ച് 31നും ഇടയിലുള്ള കരാറുകൾ സംബന്ധിച്ചാണ് അന്വേഷണം.
ബി.ജെ.പി ഭരണകാലത്ത് ബി.ബി.എം.പി നഗരപരിധിയിൽ നടന്ന കരാർ പ്രവൃത്തികളും അന്വേഷണത്തിൽ കമീഷൻ ഉൾപ്പെടുത്തുമോ എന്നത് സംബന്ധിച്ച് വ്യക്തമാക്കാൻ സർക്കാർ ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ബി.എം.പി പരിധിയിലെ കരാറുകൾ സംബന്ധിച്ച് ബംഗളൂരു നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിലവിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ ഏകാംഗ കമീഷനിൽനിന്ന് വ്യക്തത തേടിയത്. ശിവകുമാറിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആണ് ബി.ജെ.പി കാലത്ത് ബി.ബി.എം.പിക്ക് കീഴിലെ കരാറുകൾ അന്വേഷിക്കുന്നത്. ബി.ബി.എം.പിക്ക് പുറമെ, ബംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ), ഡിപാർട്ട്മെന്റ് ഓഫ് പബ്ലിക് വർക്സ്, ഗ്രാമീണ വികസന-പഞ്ചായത്തീരാജ് വകുപ്പുകൾക്കു കീഴിലെ കരാർ പ്രവൃത്തികൾ അന്വേഷിക്കാനാണ് പ്രധാനമായും സർക്കാർ ലക്ഷ്യമിടുന്നത്. അന്വേഷണം ആരംഭിച്ച് മൂന്നു മാസത്തിനകം കമീഷൻ റിപ്പോർട്ട് സമർപ്പിക്കും.
ബി.ജെ.പി ഭരണകാലത്ത് ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉയരുകയും പ്രതിഷേധങ്ങൾക്കൊടുവിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വരുകയും ചെയ്തിരുന്നു. ബെളഗാവിയിൽനിന്നുള്ള ബി.ജെ.പി പ്രവർത്തകൻ കൂടിയായ കരാറുകാരനാണ് ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഇയാൾ ഉഡുപ്പിയിലെ ലോഡ്ജിൽ ജീവനൊടുക്കി. ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ ഈശ്വരപ്പയെ പിന്നീട് കർണാടക ഹൈകോടതി വെറുതെ വിട്ടിരുന്നു. ബി.ജെ.പി സർക്കാറിനെതിരെ 40 ശതമാനം കമീഷൻ സംബന്ധിച്ച ആരോപണവുമായി കർണാടക കോൺട്രാക്ടേഴ്സ് അസോസിയേഷനും രംഗത്തുവന്നിരുന്നു. അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കുവരെ കരാറുകാർ കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

