സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യനയം അവതരിപ്പിക്കും -മന്ത്രി യു.ടി. ഖാദർ
text_fieldsമന്ത്രി യു.ടി. ഖാദർ
ബംഗളൂരു: സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനായി കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രത്യേക നയം അവതരിപ്പിക്കുമെന്ന് മന്ത്രി യു.ടി. ഖാദർ. സ്ത്രീകൾക്കിടയിലെ ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് പ്രധാനമായും നയം ശ്രദ്ധ കേന്ദ്രീകരിക്കുക. ‘റുത്തുതാരെ’ എന്ന് പേരിട്ടിരിക്കുന്ന നയം ഇത്തരത്തില്‍ രാജ്യത്ത ആദ്യത്തേതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് മാനസികവും ആരോഗ്യപരവുമായ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നും ഈ കാലയളവിൽ അവരുടെ ജീവിതശൈലി നിയന്ത്രിക്കാനും മാനസിക സമ്മർദ്ദം കുറക്കാനും സഹായിക്കുന്നതിനാണ് സംരംഭം. മരുന്ന് ഉപയോഗിക്കാതെയുള്ള പ്രതിരോധ നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമായി ഡോ. ജ്യോത്സ്ന മിർലേയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നയ സമിതി രൂപവത്ക്കരിക്കും.
സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം സംബന്ധിച്ച സംരംഭങ്ങളുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ചലച്ചിത്ര നടിയും മുൻ എം.പിയുമായ രമ്യയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യപടിയായി ആശാ വർക്കർമാരുടെ സഹായത്തോടെ വീടുകള്‍ കയറി സർവേ നടത്തി ആർത്തവവിരാമ ഘട്ടത്തിലുഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുമെന്നും ആരോഗ്യത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അവരുമായി പങ്കുവെക്കുമെന്നും മന്ത്രി പറഞ്ഞു. സംരംഭം ഘട്ടം ഘട്ടമായി മുന്നോട്ട് കൊണ്ടുപോകും. രാജ്യമെമ്പാടും നടപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി നിർദേശം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

