ചാമുണ്ഡികുന്നിൽ 46 കോടിയുടെ പുനരുദ്ധാരണ പദ്ധതി നടപ്പാക്കും
text_fieldsബംഗളൂരു: കേന്ദ്ര സർക്കാറിന്റെ പ്രസാദ് പദ്ധതി പ്രകാരം മൈസൂരു ചാമുണ്ടി കുന്നിന്റെ ദീർഘകാലമായി കാത്തിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. കേന്ദ്ര സർക്കാറിൽനിന്ന് 30 കോടി രൂപയും സംസ്ഥാന സർക്കാറിൽനിന്ന് 16 കോടി രൂപയും ഉൾപ്പെടെ 46 കോടി രൂപയുടെ മൊത്തം അടങ്കലുള്ള ഈ പദ്ധതി, കുന്നിന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ പവിത്രത കാത്തുസൂക്ഷിച്ച് ക്ഷേത്ര പരിസരത്തെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്.
ബംഗളൂരു ആസ്ഥാനമായുള്ള എസ്.എ.എസ് കാർക്കള എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ നൽകിയത്. മംഗളൂരു, ഉഡുപ്പി, കാർക്കള എന്നിവിടങ്ങളിലെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിൽ പേരുകേട്ട ഈ കമ്പനിയെ ലേലത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്ന് അധികൃതർ പറഞ്ഞു.
സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ഡോക്യുമെന്റേഷനുകളും ഉൾപ്പെടെയുള്ള അന്തിമ നടപടിക്രമങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. പ്രസാദ് പദ്ധതിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി സംസ്ഥാന ടൂറിസം വകുപ്പ് പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിച്ചതിനെ തുടർന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. അവലോകനത്തിനു ശേഷം, കേന്ദ്ര സർക്കാർ മാറ്റങ്ങൾ നിർദേശിച്ചു. അവ ഇപ്പോൾ അംഗീകാരം ലഭിച്ച അന്തിമ ഡി.പി.ആറിൽ ഉൾപ്പെടുത്തി.
എന്നാൽ, പദ്ധതി പാരിസ്ഥിതിക വെല്ലുവിളി നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. ആത്മീയവും ചരിത്രപരവും പാരിസ്ഥിതികവുമായ പ്രാധാന്യത്താൽ ആദരിക്കപ്പെടുന്ന ചാമുണ്ടി കുന്ന് പരിസ്ഥിതി ലോല മേഖല കൂടിയാണ്. പാരിസ്ഥിതിക തടസ്സങ്ങൾ കുറക്കുന്നതിനും പ്രദേശത്തിന്റെ പവിത്രമായ അന്തരീക്ഷം സംരക്ഷിക്കുന്നതിനുമായി വിപുലമായ ത്രീഡി ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മുഴുവൻ പദ്ധതിയും രൂപകൽപന ചെയ്തത്.
11 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ഗുണനിലവാരവും സമയപരിധിയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മോണിറ്ററിങ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് മൈസൂരു ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മോത്തിലാൽ പറഞ്ഞു. വികസന പ്രവർത്തനങ്ങൾ സുഗമവും സൂക്ഷ്മവുമായ നടത്തിപ്പ് ഉറപ്പാക്കാൻ സ്ഥലത്തുതന്നെ സൂക്ഷ്മമായി നിരീക്ഷിക്കും.
‘‘ഈ പദ്ധതി ഞങ്ങളുടെ വകുപ്പ് നടപ്പാക്കുന്നതിനാൽ, പ്രാദേശികമായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ അതിന്റെ മേൽനോട്ടത്തിൽ നേരിട്ട് പങ്കാളികളാവും’’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

