നഗരസഭകളിലെ കാൽ ലക്ഷം ജീവനക്കാർ കൂട്ട അവധിയിൽ
text_fieldsകർണാടക സ്റ്റേറ്റ് സിറ്റി കോർപറേഷൻ എംപ്ലോയീസ് അസോസിയേഷനുകളും ബൃഹദ് ബംഗളൂരു മഹാനഗര പാലികെ ഓഫീസേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷനും ചേർന്ന് ചൊവ്വാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച സമരത്തിൽനിന്ന്
ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലിഗെ (ബി.ബി.എം.പി) ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള 10 പ്രധാന നഗരസഭകളിലെ 25,000ത്തിലധികം ജീവനക്കാരും ഉദ്യോഗസ്ഥരും കൂട്ട അവധിയിൽ പ്രവേശിച്ചു. ബംഗളൂരുവിലും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ദീർഘകാലമായി നിലനിൽക്കുന്ന നിരവധി ആവശ്യങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
കർണാടക സ്റ്റേറ്റ് സിറ്റി കോർപറേഷൻ എംപ്ലോയീസ് അസോസിയേഷനുകളും ബൃഹത് ബംഗളൂരു മഹാനഗര പാലികെ ഓഫിസേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷനും ചേർന്നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ബംഗളൂരു (ബി.ബി.എം.പി), മൈസൂരു, ഹുബ്ബള്ളി, ധാർവാഡ്, മംഗളൂരു, ബെലഗാവി, കലബുറഗി, ദാവൻഗരെ, ബെള്ളാരി, ശിവമൊഗ്ഗ, വിജയപുര എന്നിവിടങ്ങളിലെ മുനിസിപ്പൽ കോർപറേഷനുകളിലെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. ബംഗളൂരുവിൽ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച ശേഷം ജീവനക്കാർ ഫ്രീഡം പാർക്കിൽ ഒത്തുകൂടി.
ജീവനക്കാർ ഫ്രീഡം പാർക്കിൽ സമരത്തിനായി പോയതോടെ ചൊവ്വാഴ്ച സന്ദർശകരും ഉദ്യോഗസ്ഥരുമില്ലാതെ കാലിയായ ബൃഹദ് ബംഗളൂരു മഹാനഗര പാലികെ ഓഫിസും പരിസരവും
കർണാടകയിലുടനീളമുള്ള 25,000ത്തിലധികം മുനിസിപ്പൽ ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശുചീകരണ തൊഴിലാളികളും തങ്ങളുടെ ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ചു. ഏഴാം ശമ്പള കമീഷൻ ശിപാർശകൾ നടപ്പിലാക്കുക, കഴിഞ്ഞ 15 വർഷമായി പുതുക്കാത്ത കോർപറേഷൻ സർവിസ് നിയമങ്ങൾ (സി.ആർ) ഭേദഗതി ചെയ്യുക, 10 മുതൽ 15 വർഷം വരെ ഒരേ കേഡറിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുക എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ.
മാലിന്യം ശേഖരിക്കുന്നവരെ ജ്യോതി സഞ്ജീവിനി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ‘മുനിസിപ്പൽ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, വിവിധ ബി.ബി.എം.പി വാർഡുകളിലായി 6,000 ഒഴിവുള്ള തസ്തികകൾ നികത്തുക, മുനിസിപ്പൽ ജീവനക്കാരുടെ മേലുള്ള ജോലി സമ്മർദം കുറക്കുക, മുനിസിപ്പൽ വിദ്യാഭ്യാസ വിഭാഗത്തിലെ ഹെഡ്മാസ്റ്റർമാർക്കെതിരായ വകുപ്പുതല അന്വേഷണങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവയാണ് അധിക ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

