എസ്.ഐ.ആറിനെതിരെ പൊതുപ്രസ്ഥാനം രൂപപ്പെടണം
text_fieldsഎസ്.ഐ.ആർ ചർച്ചയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ
ശിവസുന്ദർ സംസാരിക്കുന്നു
ബംഗളൂരു: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ 12 സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന സ്പെഷൽ ഇന്റൻസിവ് റിവിഷൻ ഓഫ് ഇലക്ടറൽ റോളിനെതിരെ (എസ്.ഐ.ആർ) പൊതുപ്രസ്ഥാനം രൂപവത്കരിക്കണമെന്ന് കോളമിസ്റ്റും ആക്ടിവിസ്റ്റുമായ ശിവസുന്ദർ പറഞ്ഞു. അടുത്ത ഫെബ്രുവരിയോടെ കർണാടകയും എസ്.ഐ.ആർ പ്രക്രിയ ആരംഭിക്കും.
മുസ്‌ലിം മുത്തഹിദ സംഘടിപ്പിച്ച എസ്.ഐ.ആറിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ശിവസുന്ദർ. ദോഷകരമായേക്കാവുന്ന ഒരു വ്യായാമത്തെ ചെറുക്കുന്നതിനുള്ള തയാറെടുപ്പുകൾ ഉടൻ ആരംഭിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന മൂന്നു മാസങ്ങൾ അടിസ്ഥാനതലത്തിലുള്ള സമാഹരണത്തിന് നിർണായകമാണ്. വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുക, രേഖകൾ ക്രമത്തിലാണെന്ന് ഉറപ്പാക്കുക, എസ്.ഐ.ആറിനെതിരെ പൊതുജന അവബോധം സൃഷ്ടിക്കുക, ആവശ്യമെങ്കിൽ പ്രതിഷേധങ്ങൾക്ക് തയാറാകുക. ബിഹാറിൽ എസ്.ഐ.ആർ നടപ്പാക്കിയപ്പോൾ ആധാർ ഒരു സാധുവായ തിരിച്ചറിയൽ രേഖയായി ആദ്യം അംഗീകരിച്ചിരുന്നില്ല.
ഇത് ഏകദേശം രണ്ട് കോടി ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാക്കുമായിരുന്നു. തെരുവ് പ്രതിഷേധങ്ങൾ മൂലമാണ് സുപ്രീംകോടതി ഇടപെട്ട് ആധാർ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചത്. തദ്ഫലമായി, പേര് നീക്കംചെയ്ത 65 ലക്ഷം വോട്ടർമാരിൽ ആധാർ അംഗീകരിക്കപ്പെട്ടതിനാൽ 35 ലക്ഷം പേർക്ക് വീണ്ടും വോട്ടുചെയ്യാൻ കഴിഞ്ഞു. പൊതുപോരാട്ടത്തിന്റെ ശക്തിയാണിത്. ഇത് ജുഡീഷ്യറിയെ സ്വാധീനിക്കുന്നു.
സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവക്കെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങൾ, കർഷക പ്രസ്ഥാനം, മംഗളൂരു പൊലീസ് വെടിവെപ്പിന് ശേഷം കർണാടകയിലുടനീളമുള്ള പ്രകടനങ്ങൾ എന്നിവയുൾപ്പെടെ മുൻകാല ബഹുജന പ്രസ്ഥാനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിൽ, വോട്ടർ പട്ടികയിൽനിന്ന് ആരുടെ പേരുകൾ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ തീരുമാനിക്കുന്നതിൽ ആർ.എസ്.എസ് പ്രവർത്തകർ ബൂത്ത് ലെവൽ ഓഫിസർമാരെ (ബി.എൽ.ഒ) സഹായിക്കുന്നുണ്ട്. ഇവിടെ, കോൺഗ്രസ് പ്രവർത്തകരോട് സഹായം ചോദിച്ചാലും കേഡർ ഇല്ലെന്ന് അവർ പറയുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ പട്ടികപ്പെടുത്തിയിരിക്കുന്ന 11 രേഖകൾക്ക് പുറമെ, ആധാർ, ബാങ്ക് പാസ്ബുക്കുകൾ, എൻ.ആർ.ഇ.ജി.എ കാർഡുകൾ, റേഷൻ കാർഡുകൾ തുടങ്ങിയ ലഭ്യമായ തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

