ബംഗളൂരുവിൽ ആറ്റിങ്ങൽ സ്വദേശിനി കൊല്ലപ്പെട്ടു
text_fieldsകൊല്ലപ്പെട്ട പത്മ ദേവയും അറസ്റ്റിലായ വൈഷ്ണവും
ബംഗളൂരു: ബംഗളൂരു നഗരത്തിൽ മലയാളി യുവതിയെ കാമുകൻ തലക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി പത്മ ദേവയാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ കൂടെ താമസിച്ചിരുന്ന കാമുകൻ കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനിടെ യുവതിയെ പ്രഷർ കുക്കർകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സൗത്ത് ബംഗളൂരു ബേഗൂരിലെ ന്യൂ മൈക്കോ ലേഔട്ടിലാണ് സംഭവം.
അടിയേറ്റ് തല തകർന്ന യുവതി രക്തം വാർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ വൈഷ്ണവിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും തമ്മിൽ താമസസ്ഥലത്ത് വഴക്ക് നടന്നിരുന്നുവെന്ന് അയൽവാസികൾ ചൂണ്ടിക്കാട്ടി. കോളജിൽ സഹപാഠികളായിരുന്ന ദേവയും വൈഷ്ണവും പഠനകാലം മുതൽ പ്രണയത്തിലായിരുന്നു.
ബംഗളൂരുവിൽ ജോലി കിട്ടിയശേഷം ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും വൈകാതെ വിവാഹിതരാകാൻ പോകുകയായിരുന്നെന്ന് അറിയുന്നു. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ആൻഡ് എക്സിക്യൂട്ടിവ് ജോലി ചെയ്തുവരുകയായിരുന്നു ഇവർ. മൂന്നു വർഷമായി ഒന്നിച്ചു താമസിച്ചുവരുകയായിരുന്നു.
പങ്കാളികളിലൊരാൾക്ക് വേറൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്നാണ് വിവരം. വൈഷ്ണവിനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ദേവയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

