പുലിവാലായി പുലിനഖ ലോക്കറ്റ്; വനംവകുപ്പ് ഉദ്യോഗസ്ഥനും അറസ്റ്റിൽ
text_fieldsമംഗളൂരു: പുലിനഖം ഉപയോഗിച്ചുള്ള ലോക്കറ്റ് വനം ഉദ്യോഗസ്ഥനും പുലിവാലായി. ചിക്കമഗളൂരു ജില്ലയിൽ കലസയിലെ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ യു. ദർശനെ പുലിനഖ ലോക്കറ്റ് ധരിച്ചതിന് വെള്ളിയാഴ്ച ഉച്ചയോടെ സസ്പെൻഡ് ചെയ്തു.
ഇതിന് പിന്നാലെ എൻ.ആർ. പുരയിൽനിന്ന് വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. അറെനൂർ ഗ്രാമവാസികളായ കെ. സുപ്രീത്, എൻ. അബ്ദുൽ എന്നിവരാണ് ഉദ്യോഗസ്ഥൻ കഴുത്തിലണിഞ്ഞത് പുലിനഖ ലോക്കറ്റ് ആണെന്ന് കണ്ടെത്തിയത്. വനമേഖല ഏറെയുള്ള ചിക്കമഗളൂരു ജില്ലയിൽ പുലിനഖ ലോക്കറ്റ് വേട്ട തുടരുന്നതിനിടെയാണ് ഇത് സംബന്ധിച്ച് വനം അധികൃതർക്ക് ഇവർ പരാതി നൽകിയത്.
അന്വേഷണ ഭാഗമായി ദർശനിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.
അവധി അപേക്ഷ നൽകിയിരുന്നുമില്ല. ഇതേത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ചിക്കമഗളൂരു ഖണ്ഡ്യ മർകണ്ഠേശ്വര ക്ഷേത്രം പൂജാരിമാരായ കൃഷ്ണാനന്ദ ഹൊള്ള (63), നാഗേന്ദ്ര ജോയ്സ് (41) എന്നിവരെ പുലിനഖ ലോക്കറ്റ് ധരിച്ചതിന് വ്യാഴാഴ്ച വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.
വന്യജീവി സംരക്ഷണ നിയമ പ്രകാരം കടുവ, സിംഹം, മാൻ തുടങ്ങിയ വന്യമൃഗങ്ങളെ കൊല്ലുന്നതും അവയുടെ നഖം, തോൽ, കൊമ്പ് തുടങ്ങിയവ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്.

