നഞ്ചന്‍കോടില്‍ പേപ്പര്‍ മില്ലില്‍ തീപിടിത്തം
text_fieldsബംഗളൂരു: നഞ്ചന്‍കോടിലെ പേപ്പര്‍ മില്ലിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശം. ശനിയാഴ്ച ഉച്ചയോടെയാണ് താണ്ഡവപുര വ്യവസായ മേഖലയിലെ എസ്.ഐ.പി.എം എന്ന പേപ്പര്‍ മില്ലില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
പേപ്പര്‍ മില്ലിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പേപ്പറുകളും അസംസ്കൃത വസ്തുക്കളും യന്ത്രഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. എത്രരൂപയുടെ നഷ്ടമുണ്ടായെന്ന കണക്ക് ശേഖരിച്ചുവരികയാണെന്ന് മില്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തീപടരുന്നത് കണ്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. മൈസൂരുവില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ആറ് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

