വായുമലിനീകരണം കുറച്ച് മെട്രോ ലൈൻ
text_fieldsബംഗളൂരു: കെ.ആർ പുരം-വൈറ്റ്ഫീൽഡ് മെട്രോ ലൈൻ വന്നതോടെ മേഖലയിലെ അന്തരീക്ഷ വായു മലിനീകരണതോത് കുറഞ്ഞു. മാർച്ച് 26നാണ് പാതയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സർവിസ് ആരംഭിച്ചത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് മറ്റ് വാഹനങ്ങൾ ഒഴിവാക്കി മെട്രോയിൽ യാത്ര ചെയ്യുന്നത്. മേയിൽ മേഖലയിലെ വായുമലിനീകരണ തോതിൽ ഗണ്യമായ മാറ്റത്തിന് ഇതുകാരണമായി. മലിനീകരണ സൂചിക 50ൽ താഴെ എത്തിയതായാണ് മലിനീകരണ നിയന്ത്രണ ബോർഡ് കണക്കുകൾ.
ശരാശരി 28,000 പേരാണ് പാതയിലെ പ്രതിദിന യാത്രക്കാർ. കെ.ആർ പുരത്തെയും ബൈയപ്പനഹള്ളിയെയും ബന്ധിപ്പിച്ചുള്ള 2.5 കിലോമീറ്റർ പാതയിൽ ഈ മാസം അവസാനത്തോടെ സർവിസ് ആരംഭിക്കുന്നതോടെ ഇത് 1.25 ലക്ഷമായി വർധിക്കുമെന്നാണ് പ്രതീക്ഷ.