ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ കാണാതായി
text_fieldsബംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവിനെ ബംഗളൂരുവിൽ കാണാതായി. തൃശൂർ തിരുനെല്ലൂർ മുല്ലശ്ശേരി നാലകത്ത് വീട്ടിൽ എം.എം. ഹനീഫയുടെ മകൻ മുഹമ്മദലി ജൗഹറിനെയാണ് (30) കാണാതായത്. കഴിഞ്ഞ സെപ്റ്റംബർ 12നാണ് ജോലി ആവശ്യാർഥം ജൗഹർ ബംഗളൂരുവിലെത്തിയത്. കോലാർ ജില്ലയിലെ മാലൂർ ഭാവനഹള്ളിയിലെ സത്യാലക്ഷ്മിയിലെ പി.ജിയിലായിരുന്നു താമസം. ബംഗളൂരു നാഗസാന്ദ്രയിൽ ഓഫിസുള്ള ജറി കാർട് കമ്പനിയുടെ മാലൂരിലുള്ള പാക്കിങ് വെയർഹൗസിലായിരുന്നു ജോലി.
ഓൺലൈൻ വ്യാപാരസ്ഥാപനമായ ഫ്ലിപ്കാർട്ടിന് സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണിത്. ബംഗളൂരു ബാനസവാടിയിലുള്ള യൂത്ത് ഫോർ ജോബ്സ് വഴിയാണ് ഇയാൾക്ക് മാലൂരിൽ താൽക്കാലിക ജോലി ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 27നാണ് കാണാതാകുന്നത്. വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
അന്വേഷണത്തിനും മറ്റുമായി ജൗഹറിന്റെ സഹോദരൻ അനീസും ബന്ധുക്കളും ദിവസങ്ങളായി ബംഗളൂരുവിലുണ്ട്. മാലൂർ, നരസിപുര പൊലീസ് സ്റ്റേഷനുകളിൽ പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ജന്മനാ സംസാര-ശ്രവണശേഷി ഇല്ലാത്ത ജൗഹറിനെ സംബന്ധിച്ച് വിവരം കിട്ടാത്തതിനാൽ വീട്ടുകാർ ഏറെ പ്രയാസത്തിലാണ്. യുവാവിനെ കണ്ടെത്താനായി കർണാടകയിലെ മലയാളികളുടെ സഹായം തേടുകയാണ് ബന്ധുക്കൾ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9745581555, 9744581555 എന്ന നമ്പറിൽ അറിയിക്കണമെന്ന് സഹോദരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

