ബി.ഡി.എ ഉദ്യോഗസ്ഥന്റെ വീട്ടിൽ ലോകായുക്ത റെയ്ഡ്; 3.19 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
text_fieldsറെയ്ഡിൽ പിടികൂടിയ ആഭരണങ്ങളുടെ കണക്കെടുക്കുന്നു.
ബംഗളൂരു: ബംഗളൂരു വികസന അതോറിറ്റിയിലെ (ബി.ഡി.എ) റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.എൽ. ദലേഷിനെതിരെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് കേസുമായി ബന്ധപ്പെട്ട് കർണാടക ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡിൽ 3.19 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി.
ബംഗളൂരു സിറ്റി-ഒന്നിലെ ലോകായുക്ത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച റെയ്ഡുകൾ നടത്തിയതെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞു.
കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ ബന്ധുക്കളുടെ വസതികൾ, ഓഫീസ്, പരിസരങ്ങൾ എന്നിവയുൾപ്പെടെ നാലിലധികം സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡുകൾ നടത്തി. ലോകായുക്ത പൊലീസ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടെത്തി.
പരിശോധനയിൽ ഏകദേശം 2.70 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 48.85 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളും കണ്ടെത്താനായി. സ്ഥാവര സ്വത്തുക്കളിൽ മൂന്ന് സ്ഥലങ്ങൾ, രണ്ട് വീടുകൾ, ഒരു വാണിജ്യ കെട്ടിടം, ഏകദേശം 17.20 ഏക്കർ കൃഷിഭൂമി എന്നിവ ഉൾപ്പെടുന്നു. ജംഗമ ആസ്തികളിൽ 1.35 ലക്ഷം രൂപ പണവും 13 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമാണുള്ളത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

